മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും; വിപുലമായ ക്രമീകരണങ്ങൾ

മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും; വിപുലമായ ക്രമീകരണങ്ങൾ

പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തിനായി നാളെ  വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദാണ് നട തുറക്കുക. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർഥാടകർക്ക് പതിനെട്ടാംപടി ചവിട്ടി ദർശനം നടത്താം. മണ്ഡല പൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10 മണിക്കാണ് ഹരിവരാസനം പാടി നടയടച്ചത്.

മണ്ഡല കാലത്ത് ദർശനം നടത്തിയത് 36,33,191 പേർ: മണ്ഡലകാല പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075 പേരും പുൽമേട് വഴി 129933 പേരുമാണ് ഇത്തവണ ശബരിമലയിൽ എത്തിയത്.കഴിഞ്ഞ വര്‍ഷം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇത്തവണ അയ്യപ്പ സന്നിധിയില്‍ എത്തിയതെന്ന് അധികൃതർ അറിയിച്ചു.

വിപുലമായ ക്രമീകരണങ്ങൾ സജ്ജം: നാളെ  എത്തുന്ന അയ്യപ്പന്മാർക്കായി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര ഘട്ടം നേരിടാൻ ഡോക്‌ടർമാരുടെ റിസർവ് ലിസ്റ്റ് തയ്യാറായി. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി.

മകര വിളക്ക് വ്യൂപോയിന്‍ററുകളായ പമ്പ ഹിൽടോപ്പ്, ത്രിവേണി പാലം, പമ്പ കെഎസ്ആർ ടിസി സ്റ്റാൻഡ്, യു-ടേൺ, ചാലക്കയം, ഇളവുംകാൽ, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളിൽ ആംബുലൻസും മെഡിക്കൽ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെൽത്ത് നോഡൽ ഓഫിസർ ശ്യാം അറിയിച്ചു. തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതൽ പമ്പ വരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈൽ മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര വൈദ്യ സഹായത്തിനുള്ള സംവിധാനവും കുളനട, ചെറുകോൽ, കഞ്ഞേറ്റുകര, വടശ്ശേരിക്കര എന്നിവിടങ്ങളിലും റാന്നി-പെരുനാട് ആശുപത്രികളിലും ലഭ്യമാക്കും.

സന്നിധാനത്തെ ഹെൽത്ത് ഇൻസ്‌പെക്‌ടർ ക്വാർട്ടേഴ്‌സിലും ബെയ്‌ലി പാലത്തിന്‍റെ പരിസരത്തും ഡോക്‌ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും.പാണ്ടിത്താവളം അടിയന്തര ചികിത്സ കേന്ദ്രത്തിൽ ഡോക്‌ടർമാരെ നിയോഗിച്ചു. നിലവിൽ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 12 ആംബുലൻസുകൾ കൂടാതെ 27 ആംബുലൻസുകൾ കൂടി മകര വിളക്കിന് സജ്ജമാക്കും. മകര വിളക്കിനും തലേന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫിസിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. 0468 2222642, 0468 2228220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.മരുന്നുകൾ, ബ്ലീച്ചിങ് പൗഡർ മുതലായവ പമ്പയിൽ ആവശ്യാനുസരണം ശേഖരിച്ചു. മണ്ഡല മഹോത്സവം അവസാനിച്ചപ്പോൾ പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരൽമേട്, നിലക്കൽ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിച്ചത് 1,49,806 അയ്യപ്പ ഭക്തർക്കാണ്.

സന്നിധാനം സർക്കാർ ആശുപത്രിയിൽ 57,412 പേർക്കും പമ്പ സർക്കാർ ആശുപത്രിയിൽ 27,812 പേർക്കുമാണ് ഇക്കാലയളവിൽ ചികിത്സ നൽകിയതെന്ന് സന്നിധാനം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.അരുൺ വിനായകൻ അറിയിച്ചു.

മണ്ഡലകാല മഹോത്സവ ദിനങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാൻ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരന്തരം പരിശോധനകൾ നടത്തി. ഇക്കാലയളവിൽ 1,728 പരിശോധനകളാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വകുപ്പ് നടത്തിയത്. വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനം. ന്യൂനതകൾ കണ്ടെത്തിയ 94 ഹോട്ടൽ-ഭക്ഷ്യ കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് നോട്ടിസ് നൽകുകയും ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയ 35 സ്ഥാപനങ്ങൾക്ക് നോട്ടിസും പിഴയും ഈടാക്കുകയും ചെയ്‌തിരുന്നു.2,00,500 രൂപയാണ് വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്. 803 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മകര വിളക്ക് മഹോത്സവത്തിനും സുശക്തമായ പരിശോധനയിലൂടെ മേഖലയിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുമെന്ന് ജില്ലാ അസിസ്റ്റന്‍റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ സുജിത് പെരേര പറഞ്ഞു.