ശബരിമല യുവതീപ്രവേശനo: "സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകണo" : വിഡി സതീശൻ
പാലക്കാട്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പച്ച മലയാളത്തിൽ പറഞ്ഞിട്ടും സർക്കാരിന് മനസിലാകുന്നില്ലെങ്കിൽ അത് തൻ്റെ കുഴപ്പമല്ലെന്നും അദ്ദേഹം പരിഹസിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമുണ്ടെന്ന് സമ്മതിച്ച് സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം അഥവാ അഫിഡവിറ്റ് അടിയന്തരമായി നൽകണം. അല്ലാത്തപക്ഷം സർക്കാരിൻ്റെ കാപട്യം ജനമധ്യത്തിൽ വെളിപ്പെടുമെന്ന് സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് നേരത്തെ പറഞ്ഞുകൊണ്ടാണ് പല സംഘടനകളെയും കബളിപ്പിച്ച് സർക്കാർ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത്. അവർ നേരത്തെ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നതാണ്.സത്യവാങ്മൂലം തിരുത്തണമെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയതാണെങ്കിലും സർക്കാർ വിഷയത്തിൽ ഉരുണ്ടുകളിക്കുകയാണ്. തികച്ചും അഴകൊഴമ്പൻ സമീപനമാണ് സർക്കാരിൻ്റേതെന്നും പത്തു മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഒരു സത്യവാങ്മൂലം നൽകാൻ എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. താനൊരു അഭിഭാഷകൻ ആയിരുന്ന ആളായതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും പുതിയ സത്യവാങ്മൂലം ഇന്ന് തന്നെ നൽകാമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ പറഞ്ഞ അഭിപ്രായത്തിൽ മാറ്റമുണ്ടായെന്നും നിലവിലെ സാമൂഹിക സാഹചര്യങ്ങൾ മാറിയതുകൊണ്ട് സർക്കാരിൻ്റെ നിലപാട് മാറ്റുകയാണെന്നും ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്നുമാണ് കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കേണ്ടത്. മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തതെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവന ആർക്കും മനസിലാകാത്ത ഭാഷയാണെന്ന് സതീശൻ പരിഹസിച്ചു.
പച്ച മലയാളത്തിൽ പറഞ്ഞിട്ടും ഇക്കാര്യം എംവി ഗോവിന്ദന് മനസിലായില്ലെങ്കിൽ താൻ എന്ത് ചെയ്യാനാണെന്നും ഇനി വേറെ ഏതെങ്കിലും ഭാഷയിൽ പറഞ്ഞാലേ അദ്ദേഹത്തിന് മനസിലാവുകയുള്ളോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വ്യക്തതയില്ലാത്ത കാര്യങ്ങൾ പറയുന്നതിന് പകരം നിലപാട് തുറന്നുപറയാൻ സർക്കാർ തയ്യാറാകണം. ശബരിമല വിഷയത്തിൽ സമരരംഗത്തുണ്ടായിരുന്നവരാണ് തങ്ങളെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ തീർച്ചയായും സത്യവാങ്മൂലം തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഎസ് അച്യുതാനന്ദൻ്റെ വിശ്വസ്തൻ യുഡിഎഫിലേക്ക്
സിപിഎമ്മിൻ്റെ സമുന്നത നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ സന്തതസഹചാരിയായിരുന്ന എഎസ് സുരേഷ് പാർട്ടി വിട്ട് യുഡിഎഫിനൊപ്പം ചേരുന്നത് വലിയൊരു വിസ്മയമാണെന്ന് സതീശൻ പറഞ്ഞു. സിപിഎം വലിയ പ്രതീകമായി കണ്ടിരുന്ന വിഎസ്സിൻ്റെ കുടുംബാംഗത്തെപ്പോലെ കഴിഞ്ഞിരുന്ന ഒരാൾ പാർട്ടി ഉപേക്ഷിക്കുന്നത് ഇടതുപക്ഷ സഹയാത്രികർക്കിടയിലെ അതൃപ്തിയുടെ സൂചനയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളി
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസിലായിരുന്നപ്പോൾ എല്ലാ ആനുകൂല്യങ്ങളും പദവികളും അനുഭവിച്ച ശേഷം പിന്നീട് പാർട്ടിയെ തള്ളിപ്പറഞ്ഞുപോയ ആളാണ് മണിശങ്കർ അയ്യരെന്നും അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ കോൺഗ്രസിൻ്റെ നിലപാടല്ലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു വ്യക്തമാക്കി.