ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മൗലികാവകാശവും മത സ്വാതന്ത്ര്യവും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേള്‍ക്കുന്നത്.വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുമ്പാകെ ഏഴുമുതല്‍ ഒമ്പതുവരെ നടക്കും. വിധിയെ അനുകൂലിക്കുന്നവരുടേത് 14 മുതല്‍ 16 വരെയും.  സംസ്ഥാനസര്‍ക്കാര്‍ ഇതില്‍ ഏതുഭാഗത്തിനൊപ്പം ചേരുമെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

2018 ലെ യുവതീപ്രവേശന വിധി പുനഃപരിശോധിക്കാനാവശ്യപ്പെടുന്ന കക്ഷികളുടെ വാദങ്ങള്‍ ക്രോഡീകരിക്കാന്‍ അഡ്വ. കൃഷ്ണ കുമാര്‍ സിങ്ങിനെയും മറുഭാഗത്തിനായി അഡ്വ. ശാശ്വതിയെയും സുപ്രീംകോടതി നോഡല്‍ അഭിഭാഷകരാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ 53 കക്ഷികളാണ് വിധിക്കെതിരെ വാദം എഴുതി നല്‍കിയത്. വിധിയെ അനുകൂലിച്ച് 12 കക്ഷികളും വാദം എഴുതി സമര്‍പ്പിച്ചു.ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ടതല്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിന്. എന്നാല്‍, മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം തേടി കോടതിക്ക് തീരുമാനിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയത്.

യുവതീപ്രവേശന വിലക്ക് സ്ത്രീകളോടുള്ള വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ 2018-ല്‍ ശക്തമായി വാദിച്ചത്. തുടര്‍ന്ന് യുവതീപ്രവേശം അനുവദിച്ച് അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിയുണ്ടായി. എന്നാല്‍, 2018-ലെ വിധിയെ നേരിട്ട് എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെയാണ് ഒമ്പതംഗ ബെഞ്ചില്‍ സര്‍ക്കാര്‍ വാദം സമര്‍പ്പിച്ചത്.