'ഹോസ്റ്റലിൽ മുറിയുണ്ട്, പിന്നെന്തിനാണ് കോർപറേഷൻ കെട്ടിടം?'; പ്രശാന്ത് ഓഫിസ് ഒഴിയണമെന്ന് ശബരീനാഥൻ

തിരുവനന്തപുരം: ഓഫിസ് കെട്ടിട തർക്കത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിപ്പിക്കുന്നതെന്നും ശബരീനാഥ് ചോദിക്കുന്നു. വികെ പ്രശാന്തിൻ്റെ മണ്ഡലത്തിൽ തന്നെയാണ് നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ സ്ഥിതിചെയ്യുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫിസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. മികച്ച മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ സൗജന്യമായാണ് നൽകുന്നത്. ഇത്രയും സൗകര്യങ്ങൾ ഉള്ളപ്പോൾ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പ്രശാന്ത് ഓഫിസ് ഒഴിയണമെന്നും ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫിസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. താനും ആര്യനാട് വാടക മുറിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ശാസ്തമംഗലം വാർഡിലെ കെട്ടിടവാടക അടക്കമുള്ള കാര്യങ്ങൾ നഗരസഭയും എംഎൽഎയും തമ്മിലുള്ള കരാർ പ്രകാരം തീരുമാനിക്കേണ്ടതാണ്. നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയത്ത് എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലതെന്നും കൗൺസിലർമാർക്ക് പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണമെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫിസ് ഒഴിയണമെന്നാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ ആർ ശ്രീലേഖ ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീലേഖ കഴിഞ്ഞദിവസം എംഎൽഎയെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. ഇതേ കെട്ടിടത്തിൽ കൗൺസിലറുടേതായി പ്രവർത്തിക്കുന്ന ഓഫിസ് മുറി ചെറുതാണെന്നും സൗകര്യങ്ങൾ പോരെന്നും ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ഓഫിസ് ആയി പ്രവർത്തിക്കുന്ന മുറി ഒഴിഞ്ഞുതരണമെന്ന ആവശ്യം ഉന്നയിച്ചത്.
സംഭവം വിവാദമായതോടെ പ്രശാന്തുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും സ്ഥലപരിമിതിയുള്ളതിനാൽ മുറി ഒഴിഞ്ഞുതരണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ശ്രീലേഖ പറഞ്ഞു. കെട്ടിടം തിരുവനന്തപുരം കോർപറേഷൻ്റേതാണ്. ഇതിൻ്റെ സോണൽ ഓഫിസും കൗൺസിലറുടെ ഓഫിസും പ്രവർത്തിക്കേണ്ടത് ഇവിടെയാണ്. സ്ഥലത്തിന് പൂർണ അവകാശമുള്ളത് തിരുവനന്തപുരം കോർപറേഷനാണ്. വികെ പ്രശാന്ത് അടുത്ത സുഹൃത്താണ്. ഓഫിസ് ഒന്ന് മാറിത്തരാൻ പറ്റുമോയെന്നും പരിഗണിക്കണമെന്നും അഭ്യർഥിക്കുകയാണ് ചെയ്തതെന്ന് ശ്രീലേഖ വ്യക്തമാക്കി.
എന്നാൽ മുറിയൊഴിഞ്ഞു തരുന്നത് ഇപ്രാവശ്യം ബുദ്ധിമുട്ടായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരുമെന്നുമായിരുന്നു പ്രശാന്തിൻ്റെ മറുപടി. മാധ്യമപ്രവർത്തകരോട് എന്തു പറയുമെന്ന് പ്രശാന്ത് ചോദിച്ചപ്പോൾ, അടുത്ത തെരഞ്ഞെടുപ്പിൻ്റെ സൗകര്യാർഥം എംഎൽഎ ക്വാർട്ടേഴ്സിലേക്കോ കുറച്ചുകൂടി നല്ല സ്ഥലത്തേക്കോ മാറിയെന്ന് പറഞ്ഞാൽ മതിയെന്ന് താൻ മറുപടി നൽകിയതായും ശ്രീലേഖ കൂട്ടിച്ചേർത്തു. ഈ ഓഫിസ് ലഭിച്ചാൽ അടുത്ത അഞ്ച് വർഷത്തേക്ക് തനിക്ക് ഇവിടെ കൗൺസിലറായി പ്രവർത്തിക്കാൻ സൗകര്യമാകുമെന്നും അവർ പറഞ്ഞു. ഈ വിഷയത്തിലാണ് ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.
ശബരീനാഥിൻ്റെ FB പോസ്റ്റ്
"ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ MLA യുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്. കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.
പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ MLA ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ MLA ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം. മുൻ വട്ടിയൂർകാവ് MLA ശ്രീ. കെ. മുരളീധരനും, നിലവിലെ തിരുവനന്തപുരം MLA ശ്രീ. ആന്റണി രാജുവും, പൊതുജനങ്ങളെ നേരിട്ട് കാണുന്നതിനായി നിയമസഭ ഹോസ്റ്റലിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്ത്തിയിരുന്നത്.നിയമസഭാ ഹോസ്റ്റലിൽ പൊതുജനങ്ങൾക്ക് അവരുടെ ജനപ്രതിനിധികളെ കാണുന്നതിൽ യാതൊരു നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ല. എല്ലാവർക്കും സുഗമമായി അവരുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അവിടെ സംവിധാനം ഒരുക്കിയിരിക്കുന്നത്. "