സജിത കൊലക്കേസ്; ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിയ്ക്കും

സജിത കൊലക്കേസ്; ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിയ്ക്കും

പാലക്കാട് :  നാടിനെ നടുക്കിയ നെന്മാറ കൂട്ടകൊലപാതകത്തിലെ  പ്രതി ചെന്താമരനടത്തിയ ആദ്യകൊലപാതകത്തിനുള്ള   ശിക്ഷ പാലക്കാട് അഡീഷണൽ സെഷൻസ് കോടതിഇന്ന് വിധിക്കും.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാദങ്ങളിൽ  പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു . ഈ കേസിന് പിന്നാലെ പ്രതി ഇരട്ടക്കൊല നടത്തിയത് പ്രോസിക്യൂഷന്‍ കോടതിയെ  അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേസമയം, ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുത്. മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്ന ആളായിരുന്നു ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു. ഒരു തെളിവുമില്ലാത്ത കേസാണിതെന്നായിരുന്നു പ്രതിഭാഗം വാദം.കേസില്‍ പ്രതിയായ ചെന്താമര കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

 ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞതോടെ സജിതയെ സംശയിക്കുകയായിരുന്നു.

കേസ്സിൽ വിചാരണ തുടങ്ങാനിരിക്കെയാണ് വിയ്യൂർ ജയിലിൽ നിന്നും ചെന്താമര 2024 നവംബറിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര, കൊല്ലപ്പെട്ട സജിതയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചു. ചെന്താമര ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. 2025 ജനുവരി 27 രാവിലെ പത്തുമണിയോടെ ചെന്താമര അയൽവീട്ടിലെത്തി സജിതയുടെ ഭർത്താവ് സുധാകരനേയും ഭർതൃമാതാവ് ലക്ഷ്മിയേയും വെട്ടിക്കൊന്നു. ഇതിനുശേഷം ഒളിവിൽ പോയ ചെന്താമരയ്ക്കായി തമിഴ്‌നാട്ടിലുൾപ്പെടെ പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന ചെന്താമരയെ പൊലീസ് പിടിക്കുകയായിരുന്നു.