സംഭാൽ കൂട്ടബലാത്സംഗക്കേസ് : നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും

സംഭാൽ കൂട്ടബലാത്സംഗക്കേസ് : നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും

ലഖ്‌നൗ: രാജ്യത്തെ നടുക്കിയ സംഭാൽ കൂട്ടബലാത്സംഗത്തിലെ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. ഓരോ കുറ്റവാളികൾക്കും 1,12,000 രൂപയാണ് പിഴയായി നൽകേണ്ടത്. പ്രതികൾക്ക് ചുമത്തിയ പിഴ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് കൈമാറും.

സംഭാൽ ജില്ലയിലെ ഛന്ദൗസി പ്രത്യേക ജഡ്‌ജിയും അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജിയുമായ അവധേഷ്‌കുമാർ സിങ്ങാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്നതിന് ഏഴു വർഷത്തിന് ശേഷമാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിച്ചതെന്ന് കുടുംബങ്ങൾ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148, 376D, 302, 149, 201, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

ഇത്തരം കേസുകളിൽ സഹതാപപരമായ പരിഗണനയുടെ അടിസ്ഥാനത്തിൽ ഇളവ് നൽകിയാൽ, അത് നീതിന്യായ വ്യവസ്ഥയെ ക്രൂരമായി പരിഹസിക്കുന്നതിന് തുല്യമായിരിക്കുെന്ന് കോടതി പറഞ്ഞു."കുറഞ്ഞ ശിക്ഷ നൽകിയാൽ നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായ്ക്ക് മങ്ങലേൽക്കും. കുറഞ്ഞ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായ ശേഷം പ്രതി സമൂഹത്തിൽ അന്തസോടെ ജീവിക്കും. അത്തരമൊരു സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നതിന് ഒരു ന്യായീകരണവുമില്ല," കോടതി കൂട്ടിച്ചേർത്തു.

സംഭാൽ കൂട്ടബലാത്സംഗം

2018 ജൂലൈ 13 നാണ് സംഭാലിലെ ഗ്രാമത്തിൽ ക്രൂരമായ പീഡനം നടക്കുന്നത്. രാജ്‌പുര പൊലീസ് സ്റ്റേഷന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്നവരായിരുന്നു ആക്രമണത്തിനിരയായി കൊല്ലപ്പെട്ട യുവതിയും കുടുംബവും. ഗാസിയാബാദിലേയ്ക്ക് ഭർത്താവ് ജോലിയ്ക്ക് പോയതിനാൽ യുവതിയും കുഞ്ഞും തനിച്ചാണെന്നറിഞ്ഞ് ആക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് ജില്ലാ സർക്കാറിൻ്റെ അസിസ്റ്റൻ്റ് അഭിഭാഷകൻ ഹരിയോം പ്രകാശ് പറഞ്ഞു.അക്രമികളായ അരാം സിങ്, മഹാവീർ, ഭോന എന്ന കുമാർ പാൽ, ഗുല്ലു എന്ന ജയ്‌വീർ, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരടങ്ങുന്ന സംഘം പുലർച്ചെ 2.30 നാണ് വീട്ടിലേക്ക് കടന്നു കയറി ആക്രമണം നടത്തുന്നത്. സ്വന്തം മകളുടെ മുന്നിൽ വച്ചാണ് പ്രതികൾ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ വീട് വിട്ട ശേഷം യുവതി ബന്ധുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാൽ യുവതി മറ്റാരോടോ ആക്രമണ വിവരം അറിയിച്ചെന്ന് മനസിലായ ആക്രമികൾ വീട്ടിലേയ്ക്ക് തിരികെയെത്തി സമീപമുള്ള കുടിലിൽ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവതിയെ ജീവനോടെ കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. യുവതിയുടെ ഏഴുവയസുകാരിയായ മകളും സഹോദരനും കേസിൽ സാക്ഷികളായി. ഇരുവരുടെയും മൊഴിയാണ് കേസിൽ നിർണായകമായതെന്ന് അഭിഭാഷകൻ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രത്തിൽ നിന്നും ബീജത്തിൻ്റെ അംശം കണ്ടെത്തിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.