കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസ് : ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
കണ്ണൂർ: കാമുകനോടൊപ്പം ജീവിക്കാൻ,കണ്ണൂരിലെ തയ്യിൽ കടപ്പുറത്ത് സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ശരണ്യയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷയുംഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയാണ്ശിക്ഷ വിധിച്ചത് .രണ്ടാം പ്രതി നിധിനെ കോടതി വെറുതെ വിട്ടിരുന്നു.ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം കേസിൽ നിർണായക തെളിവായി. വിചാരണയിൽ ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു . തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതികണ്ടെത്തിയിരുന്നു പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ നിയമനം ആകാൻ പാടില്ലെന്നും കോടതി വിമർശിച്ചു.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് അമ്മയായ ശരണ്യ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. വിചാരണയ്ക്കിടെ കോഴിക്കോട് വെച്ച് ശരണ്യ ആത്മഹത്യക്കും ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെയാണ് വിസ്തരിച്ചത്. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്.

