കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം

കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം

തിരുവനന്തപുരം: കേരളത്തെ തകർക്കാൻ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം നടത്തും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുക. രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് സത്യാഗ്രഹം. മന്ത്രിമാരും എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സത്യാഗ്രഹത്തിൽ പങ്കെടുക്കും.

കേരളത്തെ തകർക്കാൻ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തുന്നത്. മന്ത്രിമാരും ജനപ്രതിനിധികളും സമരത്തിൽ പങ്കെടുക്കും.

കേന്ദ്ര ഉപരോധത്തിൻ്റെ വിവിധ കണക്കുകൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ കേരളം കൈവരിച്ച പുരോഗതിയെ തകർക്കുന്ന കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സത്യാഗ്രഹ സമരത്തിൽ വിവിധ ജനപ്രതിനിധികളോടൊപ്പം ഈ നാട് അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

വികസന മുന്നേറ്റത്തെ തടസപ്പെടുത്തി സർക്കാരിനെയും നാടിനെയും ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സാമ്പത്തിക ഉപരോധം വലിയ ജനരോഷമുയർത്തി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനക്ഷേമം, പശ്ചാത്തല വികസനം, പൊതുമേഖലാ വ്യവസായം എന്നിവയെ ശക്തിപ്പെടുത്തി എല്ലാവർക്കും സംതൃപ്‌തിയോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഈ സാമ്പത്തിക വർഷത്തിൻ്റെ അവസാന മൂന്നുമാസത്തേക്ക് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്‌പാനുമതിയിൽ 5,900 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണക്കുകള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ബജറ്റിന് മേലെ എടുത്ത വായ്‌പകളുടെ പേരുപറഞ്ഞ് ഈ വർഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ കുറവ് വരുത്തി.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളം നൽകിയ 6,000 കോടി രൂപയ്ക്ക് പകരമായി വായ്‌പ എടുക്കാനുള്ള അനുമതി തടഞ്ഞു.

ഐജിഎസ്‌ടി (IGST) റിക്കവറി എന്ന പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 965 കോടി രൂപ പിടിച്ചെടുത്തു.

റവന്യൂ വരുമാനത്തിൻ്റെ 73% വരെ കേന്ദ്ര വിഹിതമായി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമ്പോൾ കേരളത്തിന് ലഭിക്കുന്നത് വെറും 25% മാത്രമാണ്.

ഗ്യാരണ്ടി നിക്ഷേപത്തിൻ്റെ പേരിൽ 3,300 കോടി രൂപയുടെ വായ്‌പാനുമതി നിഷേധിക്കപ്പെട്ടു.

നെല്ല് സംഭരണം, സമഗ്ര ശിക്ഷ കേരള, ജലജീവൻ മിഷൻ, യുജിസി ആനുകൂല്യങ്ങൾ തുടങ്ങി വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലായി 5,784 കോടി രൂപയോളം കുടിശ്ശിക വരുത്തി.