പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ സ്‌കൂൾ വിദ്യാർഥിനി പ്രസവിച്ചു

പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ  സ്‌കൂൾ വിദ്യാർഥിനി  പ്രസവിച്ചു

ഭോപ്പാൽ: പത്താം ക്ലാസ് പൊതു പരീക്ഷ എഴുതുന്നതിനിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ വിദ്യാർഥി പ്രസവിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതാംപൂർ സ്‌കൂളിലാണ് സംഭവം. പ്രസവശേഷം പെൺകുട്ടിയേയും നവജാത ശിശുവിനേയും സമീപമുള്ള ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു.പരീക്ഷയ്ക്കായി രാവിലെ സ്‌കൂളിലെത്തിയ വിദ്യാർഥിയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പട്ടതിനെ തുടർന്ന് ഉടൻ തന്നെ ശുചിമുറിയിലേയ്ക്ക് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടി ശുചിമുറിയിൽ തന്നെ പ്രസവിച്ചു എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിയതായി പിതാംപൂർ സബ് ഇൻസ്പെക്‌ടർ ചാന്ദ്‌നി സിംഗർ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി വരികയാണെന്നും ചാന്ദ്നി സിംഗർ കൂട്ടിച്ചേർത്തു. "സ്‌കൂൾ വിദ്യാർഥിയെ ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവിന് എതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും," പൊലീസ് വ്യക്തമാക്കി.