"36 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം, ഒരു മുന്നണിക്കും പരസ്യപിന്തുണയില്ല": നയം വ്യക്തമാക്കി എസ്‌ഡിപിഐ

"36 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം, ഒരു മുന്നണിക്കും പരസ്യപിന്തുണയില്ല": നയം വ്യക്തമാക്കി എസ്‌ഡിപിഐ

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി എസ്‌ഡിപിഐ. 36 നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്‌ചവയ്ക്കാനും ബാക്കി സീറ്റുകളിൽ ഉചിതമായ തീരുമാനവുമെടുക്കാനും ധാരണ. വിജയസാധ്യതയും വികസന കാഴ്‌ചപ്പാടുമെല്ലാം പരിഗണിച്ചാണ് വോട്ട് രേഖപ്പെടുത്തുക. ഒരു മുന്നണിക്കും പരസ്യപിന്തുണ പ്രഖ്യാപിക്കില്ലെന്ന് കോഴിക്കോട് ജില്ലാ പ്രസിഡണ്ടും മുൻ സംസ്ഥാന സെക്രട്ടറിയുമായ മുസ്‌തഫ കൊമ്മേരി വ്യക്തമാക്കി .

 "ഓരോ ജില്ലകളിൽ നിന്നും അഭിപ്രായ സർവേ നടത്തി വരികയാണ്. സംസ്ഥാന നേതൃത്വത്തിന് ഇത് കൈമാറും. ഒരു മുന്നണിക്കും പ്രത്യക്ഷത്തിൽ പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാവില്ല. മനഃസാക്ഷി വോട്ടിനും ഉചിതമായ തീരുമാനമെടുക്കാനുമാണ് പാർട്ടി നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെടുക.സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല എന്നാണ് എസ്‌ഡിപിയുടെ നിലപാട്. അതേസമയം സിപിഎം വിരുദ്ധ വികാരം ഉണ്ട്. വെള്ളാപ്പള്ളി വിഷയവും പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളും ശബരിമല വിഷയവും നിലനിൽക്കുന്നുണ്ട്. എന്നാൽ എടുത്തു പറയത്തക്ക അഴിമതിയോ മറ്റോ ആരോപണങ്ങളോ ഇടത് സർക്കാരിനെതിരെ ഇല്ല" മുസ്‌തഫ കൊമ്മേരി പറഞ്ഞു.

 2016ലെ 0.4% വോട്ടിൽ നിന്ന് 2021 ആകുമ്പോഴേക്കും 0.9% ലേക്ക് ഉയർന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിൽ നിന്നായി 2,75,000 വോട്ട് എസ്‌ഡിപിഐ സ്ഥാനാർത്ഥികൾ നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് 4,75,000 ലേക്ക് ഉയർന്നു. അതായത് ഒരു ശതമാനത്തിലേക്ക് വോട്ട് വളർച്ചയെത്തി. അത് ഇനിയും വർദ്ധിക്കുമെന്നാണ് മുസ്‌തഫ കൊമ്മേരി പറയുന്നത്.എന്നാൽ വേങ്ങരയിലും മങ്കടയിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കാത്ത പാർട്ടി ഇടതിന് വോട്ട് ചെയ്യാനാണ് സാധ്യത. ഇതേപോലെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് പല മണ്ഡലങ്ങളിലും എസ്‌ഡിപിഐ വോട്ടുകൾ ലഭിച്ചേക്കും. ( ബിജെപി നേതാവ് കെ .സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരം  മണ്ഡലത്തിലെ എസ്‌ഡിപിഐ സ്ഥനാർത്ഥി നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. ബിജെപിയുടെ  വിജയസാധ്യത അറിഞ്ഞ ശേഷം  സ്ഥനാർത്ഥിയെ പിൻവലിച്ചതാണെന്നാണ് എസ്‌ഡിപിഐ വാദം.എന്നാൽ    യുഡിഎഫ് ൻ്റെ സമ്മർദ്ദം മൂലം പിൻവലിച്ചു എന്നാണ് കെ.സുരേന്ദ്രന്റെ ആരോപണം .യുഡിഎഫ് സ്ഥനാർത്ഥയുടെ പേരിന്   സമാനമായ പേരുള്ള സ്ഥാനാർഥി ആയിരുന്നു ഇവിടെ എസ്ഡിപിഐ ക്ക് ഉണ്ടായിരുന്നത്.)

കാരായി രാജൻ മത്സരിക്കുന്ന തലശ്ശേരി, ടി സിദ്ധിഖ് മത്സരിക്കുന്ന കൽപ്പറ്റ, കെ കെ രമ മത്സരിക്കുന്ന വടകര, കെ ടി ജലീൽ മത്സരിക്കുന്ന തവനൂർ, പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറം സിപിഐയിലെ മുഹമ്മദ് മുഹസിൻ മത്സരിക്കുന്ന പട്ടാമ്പി, വി ഡി സതീശൻ മത്സരിക്കുന്ന പറവൂർ തുടങ്ങിയ മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി എസ്‌ഡിപിഐ പോരാട്ടത്തിലാണ്.

നിയമസഭ തെരഞ്ഞെടുപ്പുകളിൽ നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച്‌  ഒരു മുന്നണിക്ക് പരസ്യപിന്തുണ നൽകുന്ന രീതി ഈ തവണ ഉണ്ടാകില്ലെങ്കിലും ഭരണ തുടർച്ചയ്ക്ക് ഉപകരിക്കുന്ന നീക്കമായിരിക്കും എസ്‌ഡിപിഐയിൽ നിന്ന് ഉണ്ടാവുക.. അതോടൊപ്പം പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപി ഒഴികെ ആര് ജയിച്ചാലും അതിൻ്റെ അവകാശത്തിൽ ഒരു പങ്ക് ഏറ്റെടുക്കാ  നേതാക്കൾ മുന്നോട്ടുവരുമെന്നതും ഉറപ്പാണ്.

 തമിഴ്‌നാട്ടിൽ ഡിഎംകെയുമായി പരസ്യ സഖ്യത്തിലായ എസ്‌ഡിപിഐക്ക് കേരളത്തിൽ പക്ഷേ എല്ലാം ഒരു രഹസ്യമാണ്. "വർഗ്ഗീയപാർട്ടികളുടെ ആരുടെയും വോട്ട് വേണ്ട " എന്ന് കേരളത്തിലെ നേതാക്കൾ പറയുമ്പോഴും പരസ്യമായ ഒരു പിന്തുണ ചോദിക്കാൻ മുന്നണികൾക്ക് ആർജ്ജവം ഇല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.


https://www.worldm.news/keralam/will-not-refuse-anyones--24028