കൈനകരി അനിത കൊലക്കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ

ആലപ്പുഴ: കേരളത്തെ നടുക്കിയ കുട്ടനാട് കൈനകരി അനിത കൊലക്കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ. കൈനകരി സ്വദേശിനി രജനിക്കാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ നിലമ്പൂർ മുതുകോട് പൂക്കോടൻവീട്ടിൽ പ്രബീഷിന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒഡീഷയിലെ ജയിലിലായിരുന്ന രജനിയെ ശനിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. ശിക്ഷ വിധിക്കുന്നതിന് മുൻപായി എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ ഒന്നുമില്ലെന്നായിരുന്നു രജനിയുടെ മറുപടി. രജനിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിരുന്നു. കൊലപാതകക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ലഹരിക്കേസിൽ രജനി പൊലീസിൻ്റെ പിടിയിലായിരുന്നു. എൻഡിപിഎസ് കേസുമായി ബന്ധപ്പെട്ട് ഒഡീഷയിലെ ജയിലിൽ കഴിയുന്നതിനാലാണ് വിധി പറയുന്നത് മാറ്റിവച്ചത്.
പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ (32) കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ജൂലൈ ഒൻപതിനായിരുന്നു സംഭവം. വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയുമായും രജനിയുമായും അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായതോടെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ തന്ത്രപൂർവം ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ കൈനകരിയിലുള്ള രജനിയുടെ വീട്ടിലെത്തിച്ചു.തുടർന്ന് പ്രബീഷ് അനിതയെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ശ്വാസംമുട്ടി അനിത ബോധരഹിതയായപ്പോൾ മരിച്ചെന്ന് കരുതി ഇരുവരും ചേർന്ന് മൃതദേഹം പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയെന്ന് തെളിഞ്ഞത്.
നെടുമുടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണവേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത് കേസിൽ നിർണായകമായി. അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ എൻ ബി ഷാരിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. ഒന്നാം പ്രതിയായ പ്രബീഷ് നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ്.