തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ്; കേന്ദ്രമന്ത്രിയെ ആവശ്യമറിയിച്ച് കെ .മുരളീധരൻ
തിരുവനന്തപുരം: ജില്ലയിൽ രണ്ടാമതൊരു മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഇതേ അദ്ധ്യയന വർഷം തന്നെ വിദ്യാർത്ഥി പ്രവേശനം നടത്താനുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ . കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ പ്രത്യേക ഓൺലൈൻ യോഗത്തിലാണ് കെ. മുരളീധരൻ കേരളത്തിൻ്റെ ഈ സുപ്രധാന ആവശ്യം ഉന്നയിച്ചത്. ദേശീയ ആരോഗ്യ ദൗത്യംപദ്ധതികളുടെ ദേശീയതല അവലോകന യോഗത്തിലാണ് മന്ത്രി സംസ്ഥാനത്തിൻ്റെ അടിയന്തിര ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചത്.നിലവിലുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള അത്യാധുനിക മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും നിലവിൽ സജ്ജമാണ്. അതിനാൽ പുതിയ മെഡിക്കൽ കോളേജിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി മുൻപ് നിശ്ചയിച്ചിട്ടുള്ള 150 കോടി രൂപയുടെ കേന്ദ്രസഹായം അടിയന്തിരമായി അനുവദിക്കണമെന്നും മന്ത്രി കെ. മുരളീധരൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ആവശ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, രാജ്യത്തുടനീളം പുതുതായി 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും അതിൽ ഉൾപ്പെടുത്തി കേരളത്തിന് ആവശ്യമായ അനുമതി സമയബന്ധിതമായി ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉറപ്പ് നൽകി.

എയിംസിനായി പത്ത് സ്ഥലങ്ങൾ
കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസിനായി സംസ്ഥാനത്ത് അനുയോജ്യമായ 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, കേന്ദ്ര സംഘത്തിൻ്റെ സാദ്ധ്യതാപഠനം എത്രയും വേഗം പൂർത്തിയാക്കി അന്തിമ സ്ഥലം തീരുമാനിച്ച് എയിംസിന് ഔദ്യോഗിക അനുമതി ലഭ്യമാക്കണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ഈ ആവശ്യവും പൂർണ്ണമായും ന്യായമാണെന്ന് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, ആവശ്യമായ ഭരണപരമായ നടപടികൾ പൂർത്തിയാക്കി എയിംസ് അനുവദിക്കുമെന്നും വ്യക്തമാക്കി.
വിവിധ ആരോഗ്യ പദ്ധതികൾക്ക് കേന്ദ്രസഹായം
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് മെഡിക്കൽ കോളേജുകളിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനും ഹരിപ്പാടും കൽപ്പറ്റയിലും പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ യാഥാർത്ഥ്യമാക്കുന്നതിനും കേന്ദ്രസഹായം തേടിയിട്ടുണ്ട്. ഇതിന് പുറമെ കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക ട്രോമ കെയർ, ബേൺസ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളേജുകളുടെ വികസനത്തിനും തുക അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ജനിതകശാസ്ത്രം , ന്യൂറോ സയൻസസ് , കാർഡിയാക് സയൻസസ് എന്നിവയിൽ അന്താരാഷ്ട്ര നിലവാരമുള്ള സെന്ററുകൾ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനും, എമർജൻസി മെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തി പുതിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരെ നിയമിക്കുന്നതിനും പ്രത്യേക സാമ്പത്തിക സഹായം കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ പ്രത്യേകമായി അഭിനന്ദിച്ചു.
ഉന്നതതല ഓൺലൈൻ യോഗത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. അനു എസ്. നായർ, കെഎംഎസ്സിഎൽ എംഡി ഡോ. രേണു രാജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (ടിബി) ഡോ. സക്കീന, എൻഎച്ച്എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.