കാശ്‌മീരിൽ ഭീകരരെ കണ്ടെത്താനായി 43 താത്‌കാലിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സുരക്ഷ സേന

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനും കണ്ടെത്തുന്നതിനുമായി താത്കാലിക പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിച്ച് സുരക്ഷാ സേന. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) നേത്യത്വത്തിൽ 43 താത്കാലിക സൈനിക പ്രവർത്തന കേന്ദ്രങ്ങളാണ് സ്ഥാപിച്ചതെന്ന് സേന അറിയിച്ചു. കശ്‌മീർ മലനിരകളിൽ ആറായിരം അടി ഉയർന്ന പ്രദേശങ്ങളിലായാണ് പ്രവർത്തന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്‌മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഇത്തരം താത്കാലിക കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരുമെന്നും മുതിർന്ന സുരക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞു.സ്ഥാപിതമായ 43 താത്കാലിക സുരക്ഷാ കേന്ദങ്ങളിൽ 26 എണ്ണം കശ്‌മീരിലും 17 എണ്ണം ജമ്മു മേഖലയിലുമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അർധ സൈനികർ, ജമ്മു കശ്‌മീർ പൊലീസ് സേന, എന്നിവർക്കുള്ള താത്കാലിക താമസ സൗകര്യവും ഇത്തരം കേന്ദ്രങ്ങളിൽ സജ്ജമായിരിക്കും.കല്ലും മണ്ണും കൊണ്ട് നിർമിച്ച 'ധോക്കുകളിൽ'(കുടിലുകൾ) ഒളിച്ചിരുന്ന് പ്രവർത്തിക്കുന്ന ഭീകരരെ കണ്ടെത്താനും താത്കാലിക സുരക്ഷാ കേന്ദ്രങ്ങൾ ഉപയോഗിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്‌മീർ മേഖലകളിൽ ഭീകരവാദ പ്രവർത്തനം നടത്താൻ ഇനി അനുവദിക്കില്ലെന്നും സുരക്ഷാ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തെ ആദ്യ താത്കാലിക സുരക്ഷാ കേന്ദ്രം 2025 ജൂലൈയിൽ ശ്രീനഗർ ജില്ലയിലെ ഫഖീർ ഗുജ്രിയിലാണ് സ്ഥാപിതമായത്.
സിആർപിഎഫ് ഒരുക്കിയ താത്കാലിക സുരക്ഷാ കേന്ദ്രങ്ങളിൽ 16 മുതൽ 25 ഉദ്യോഗസ്ഥർക്ക് വരെ ഒരേ സമയം പ്രവർത്തിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉയർന്ന പ്രദേശങ്ങളിൽ പട്രോളിങ് നടത്തുമ്പോൾ ദുഷ്‌കരമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ലീപ്പിങ് ബാഗുകൾ, എർഗണോമിക് ബാഗുകൾ, ടാക്റ്റിക്കൽ ബൂട്ടുകൾ, സാറ്റലൈറ്റ് ട്രാക്കർ, സാറ്റലൈറ്റ് ഫോൺ, തുടങ്ങിയവ ഉപയോഗിക്കണമെന്നും അവയെല്ലാം കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും സുരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു.