സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന :അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്

സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന :അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്

കാസർഗോട്:  ജില്ലയിൽ സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. കർണാടകയിലെ മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി, ഗണേഷ് സോളങ്കി, ഹരിലാൽ, ജീവൻലാൽ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് കാസർകോട് പൊലീസിന്‍റെ പിടിയിലായത്.രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും കാസർകോട് ടൗൺ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്.

ബേക്കലിൽ വെച്ച് സംശയസ്പദമായ രീതിയിൽ നടന്നുപോവുകയായിരുന്ന സംഘത്തിലെ രണ്ടുപേരെ സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷിക്കുകയും ഇവരുടെ ഫോട്ടോ എടുത്ത് ഉറപ്പുവരുത്തുന്നതിനിടെ ഇവർ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ബസിൽ കയറിയ പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചപ്പോൾ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും പൊലീസ് പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.ആവശ്യക്കാരെ കണ്ടെത്തി സ്വർണ്ണാഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി പണം തട്ടിയെടുക്കുന്നതാണ് ഈ സംഘത്തിന്‍റെ രീതി. പ്രതികളിൽ നിന്ന് കോപ്പറും കാഡ്മിയവും ഉപയോഗിച്ച് നിർമിച്ച ആറേമുക്കാൽ കിലോയോളം വരുന്ന വ്യാജ ആഭരണങ്ങളും ഏഴ് ഗ്രാം യഥാർഥ സ്വർണ്ണവും പൊലീസ് കണ്ടെടുത്തു.

പിടിച്ചെടുത്തവയിൽ ഇരുന്നൂറ്റമ്പതോളം മാലകളുണ്ട്. സാധാരണ പരിശോധനകളിൽ സ്വർണമല്ലെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അതീവ സൂക്ഷ്മതയോടെയാണ് ഈ ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. ജ്വല്ലറികളിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ ഇരകളെ ആകർഷിക്കുന്നത്. ഇടപാടുകാർക്ക് വിശ്വാസം വരാനായി ആഭരണത്തിന്‍റെ ഒരു ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിശോധനയ്ക്കായി യഥാർത്ഥ സ്വർണ്ണം നൽകുന്നതാണ് ഇവരുടെ തന്ത്രം. പരിശോധനയിൽ സ്വർണമാണെന്ന് ഉറപ്പായിക്കഴിഞ്ഞാൽ കച്ചവടം ഉറപ്പിക്കുകയും തുടർന്ന് പണം കൈപ്പറ്റി മുക്കുപണ്ടം നൽകി മുങ്ങുകയുമാണ് പതിവ്.

ഒരാഴ്ച മുമ്പാണ് ഈ സംഘം തട്ടിപ്പിനായി കാസർകോട് എത്തിയത്. കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതികൾ പിടിയിലായത്. പൊലീസ് പരിശോധനയ്ക്കിടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. കർണാടകയിൽ പൂ വിൽപന നടത്തുന്ന സംഘം ഈ തൊഴിലിന്‍റെ മറവിലാണ് വലിയ രീതിയിലുള്ള തട്ടിപ്പുകൾ ആസൂത്രണം ചെയ്തിരുന്നത്.

കാസർകോട്ടെ ചില പ്രമുഖ ജ്വല്ലറികളിലും ആഭരണങ്ങൾ വിൽക്കാനുണ്ടെന്ന പേരിൽ പ്രതികൾ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയ ശേഷമാണ് സംഘം കേരളത്തിലേക്ക് കടന്നത്. നിലവിൽ ജില്ലയിൽ ആരെങ്കിലും കബളിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.