സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധം : തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് ടി കെ ഗോവിന്ദൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. പാർട്ടിയുടെയും സ്ഥാനാർഥി നിർണയത്തിൻ്റെയും രീതികളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ആറു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിന് ശേഷം മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടു. തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കാമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കും. വർഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വവും പാർട്ടിയിലെ കുടുംബവാഴ്ചയും അഴിമതിയും ചൂണ്ടിക്കാട്ടി പാർട്ടി വിട്ടതിനു പിന്നാലേ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോവിന്ദന്‍ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.മണ്ഡലത്തിലെ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത വ്യക്തിയെ ആസൂത്രിതമായി സ്ഥാനാർഥിയാക്കുകയായിരുന്നുവെന്നും സ്ഥാനാർഥി നിർണയത്തിൽ ജില്ലാ നേതൃത്വം സ്വേച്ഛാധിപത്യപരമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയുടെ സംഘടനാ മര്യാദകൾ ലംഘിച്ച്, സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ വീണ്ടും സ്ഥാനാർഥിയാക്കിയതിനെതിരെ അദ്ദേഹം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. മൂന്ന് തവണ വിജയിച്ചവർക്ക് നാലാം തവണയും അവസരം നൽകുന്നതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ധാർമികതയും നീതിബോധവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നഷ്ടപ്പെട്ടു. ഈ അനീതിയെ ചെറുത്തില്ലെങ്കിൽ തളിപ്പറമ്പിൽ പാർട്ടി ഇല്ലാതാവും. തന്നിഷ്ടപ്രകാരമാണ് ഗോവിന്ദൻ മാഷ് പാർട്ടി പ്രവർത്തനം നടത്തുന്നത്. എംഎൽഎ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുന്നതായും പാർട്ടിയുടെ പരിപാടികൾക്ക് വൻതോതിൽ പണം ചെലവാക്കുമ്പോൾ അതിൻ്റെ കണക്കുകൾ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആന്തൂർ സാജൻ കൊലപാതകത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഉണ്ടായില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്ന ധാർമികതയും നീതിബോധവും നഷ്ടപ്പെട്ടുവെന്നും പാർട്ടി അഴിമതിയിൽ മുങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു. ആന്തൂർ സാജൻ കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നീതി ലഭിച്ചില്ലെന്നും അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നവരെ പാർട്ടി പുറത്താക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ കെശൈലജയെ നാട് കടത്തി. എംഎല്‍എ ആക്കണമെങ്കിൽ മട്ടന്നൂരിൽ മത്സരിച്ചാൽ പോരെ എന്നും പിണറായി എങ്ങനെയാണ് ഇതിനു കൂട്ട് നിൽക്കുന്നു എന്നതിനു ഇപ്പോഴും ഉത്തരം കിട്ടുന്നില്ല എന്നും ഗോവിന്ദന്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നപ്പോള്‍ പാര്‍ട്ടിയുടെ സംഘടനാ രീതിക്ക് നിരക്കാത്ത മൊറാലിറ്റിക്ക് നിരക്കാത്ത തീരുമാനങ്ങളാണ് വന്നത്. സംഘടനയുടെ രീതി പ്രകാരം സ്ഥാനാര്‍ഥി പട്ടിക ആദ്യം ചര്‍ച്ച ചെയ്യുക ജില്ലാ സെക്രട്ടറിയേറ്റാണ്. അവിടെ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ നമുക്ക് ഒരു സ്ത്രീയെ മത്സരിപ്പിക്കണമെന്നും അത് തളിപ്പറമ്പിലായിരിക്കണമെന്നും അത് പി കെ ശ്യാമളയായിരിക്കണമെന്നും ജില്ലാ സെക്രട്ടറി നിര്‍ദേശംവെച്ചു. പയ്യന്നൂര്‍ മധുസൂദനനായിരിക്കണമെന്നും നിര്‍ദേശം വെച്ചു. ഈ രണ്ട് നിര്‍ദേശത്തോടും കടുത്ത എതിര്‍പ്പ് കമ്മിറ്റിയില്‍ വന്നു. മധുസൂദനനെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ജനങ്ങള്‍ക്ക് വിശ്വാസം കുഞ്ഞികൃഷ്ണന്‍ പറയുന്ന കണക്കുകളിലായിരുന്നു. അങ്ങനെ സംശയത്തിൻ്റെ നിഴലില്‍ നില്‍ക്കുന്ന ഒരാള്‍ സ്ഥാനാര്‍ഥിയാകുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. തളിപ്പറമ്പിലും ഇതേ വിമര്‍ശനം വന്നു. സ്ത്രീയെ വേണമെന്ന് തീരുമാനിച്ചതാണ്. സുകന്യ ആവട്ടെ എന്ന് ഉയർന്നു വന്നു. എൻ്റെ നിലപാടും ഞാന്‍ കമ്മിറ്റിയില്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ മേല്‍കമ്മിറ്റിയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞു. ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുവരാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്.
പാർട്ടിയിലെ അനീതിക്കെതിരെ പ്രതികരിക്കാൻ തനിക്ക് അവകാശമുണ്ട്. അഴിമതിക്കെതിരെയും കുടുംബവാഴ്ചക്കെതിരെയും തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ ആലോചിക്കുന്നുണ്ട്.പാർട്ടിക്കകത്ത് വിമർശനങ്ങൾ ഉന്നയിച്ചാലും ഫലമില്ലാത്ത അവസ്ഥയാണെന്നും അതുകൊണ്ടാണ് പുറത്തുപറയേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമോഹമല്ല, പാർട്ടിയിലെ നിലവിലെ അസാധാരണ പ്രവണതകളോടുള്ള വിയോജിപ്പാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.