നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കുള്ള ശിക്ഷ അല്പസമയത്തിനകം വിധിക്കും

എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. 

കൂട്ടബലാത്സംഗ കുറ്റമാണ് തെളിഞ്ഞതെന്നും അതിനാൽ പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ വാദിച്ചു. എന്നാൽ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് കോടതി പ്രോസിക്യൂഷനോട് നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ചു. ഒന്നാം പ്രതി പൾസർ സുനിയാണ് നടിയെ ബലാത്സംഗം ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാക്കിയുള്ളവർ ഈ കൃത്യത്തിന് കൂട്ടുനിന്നതു കൊണ്ടാണ് അവർക്കെതിരെയും കൂട്ടബലാത്സംഗ കുറ്റം ചുമത്തിയത്. അതിനാൽ കൃത്യം നേരിട്ട് ചെയ്ത പൾസർ സുനിക്കും മറ്റ് പ്രതികൾക്കും ബലാത്സംഗ കുറ്റത്തിന് ഒരേ ശിക്ഷ നൽകുന്നത് എങ്ങനെയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.

പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ, ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂട്ടർ മറുപടി നൽകി. യഥാർഥ കുറ്റവാളി ഇപ്പോഴും മറഞ്ഞിരിപ്പുണ്ടെന്നും പ്രോസിക്യൂഷൻ പരാമർശിച്ചു. പ്രതികൾക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യത പരിഗണിക്കണ്ടേ എന്നും സമൂഹത്തിന് വേണ്ടി വിധിയെഴുതണമെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്ന പ്രതിഭാഗം വാദത്തെ, നിസഹായയായ സ്ത്രീയോട് ചെയ്ത ക്രൂരതയ്ക്ക് തക്കതായ ശിക്ഷയാണ് നൽകുന്നതെന്ന് വ്യക്തമാക്കി കോടതി തള്ളി. ഇതൊരു സ്ത്രീയുടെ അന്തസിൻ്റെ കാര്യമാണെന്നും അതിജീവിതയുടെ നിസഹായാവസ്ഥ മനസിലാക്കണമെന്നും കോടതി ഓർമിപ്പിച്ചു. നിർഭയ കേസിൻ്റെ പശ്ചാത്തലത്തിൽ 2013ലെ ഭേദഗതിയിൽ ബലാത്സംഗം സംബന്ധിച്ച നിർവചനങ്ങളിൽ മാറ്റം വന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതിജീവിതയ്ക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞെങ്കിലും അതിജീവിതയുടെ അഭിഭാഷക ഹാജരായിരുന്നില്ല.

എൻഎസ് സുനിൽ എന്ന പൾസർ സുനി, മാർട്ടിൻ ആൻ്റണി, ബി മണികണ്ഠൻ, വിപി വിജീഷ്, വടിവാൾ സലിം എന്ന എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ ലഭിക്കുന്നത്. വിധി കേൾക്കുന്നതിനായി പ്രതികളെ രാവിലെ തന്നെ തൃശൂർ വിയ്യൂർ ജയിലിൽനിന്ന് കോടതിയിലെത്തിച്ചിരുന്നു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാണ് പൾസർ സുനി ?

പള്‍സര്‍ ബൈക്കുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നതിനാല്‍, പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയം കാരണം, ആദ്യമായി നാട്ടില്‍ പള്‍സര്‍ ബൈക്ക് വാങ്ങിയതിനാല്‍ എന്ന് തുടങ്ങി 'പള്‍സര്‍' സുനി എന്ന പേര് കിട്ടാന്‍ കാരണമായതിൻ്റെ  'ഐതിഹ്യ 'കഥകള്‍ പലതാണ്. 20 വയസിന് മുന്നേ തന്നെ ലഹരി, മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അധിക കാലം ഇയാള്‍ താമസിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാളെക്കുറിച്ച് നാട്ടുകാര്‍ക്കും വലിയ അറിവില്ല. 

എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബ് ഉണ്ടാക്കുന്നതോടെയാണ് പള്‍സര്‍ സുനി സിനിമ മേഖലയുമായി ബന്ധമുണ്ടാക്കുന്നത്. സിനിമയില്‍ നിന്നും മറ്റുമുള്ള പ്രമുഖര്‍ ബന്ധപ്പെട്ടാല്‍ ആവശ്യത്തിന് ടാക്സികള്‍ ഏര്‍പ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ക്ലബിന്റെ ഉദ്ദേശം. അങ്ങനെ സിനിമാക്കാര്‍ക്കൊപ്പമുള്ള സുനിയുടെ യാത്ര ആരംഭിച്ചു. പിന്നാലെ മലയാള സിനിമ മേഖലയിലെ പലരുടെയും വിശ്വസ്തനായി അയാൾ  മാറി അതുവഴി പല നായികമാരുടെയും ഡ്രൈവറായും സിനിമ സെറ്റുകളിലെ വാഹനങ്ങളോടിച്ചും മലയാള സിനിമയില്‍ കൂടുതല്‍ ബന്ധങ്ങളുണ്ടാക്കാന്‍  കഴിഞ്ഞു.

പല കേസുകളിലും പ്രതിയായഇയാൾ  മുകേഷിൻ്റെ ഡ്രൈവറായി ജോലി ചെയ്തു. എന്നാല്‍ 2013ല്‍ സുനിയെ  പറഞ്ഞുവിട്ടതായി മുകേഷ് വ്യക്തമാക്കിയിരുന്നു. 2013 കാലത്ത് നിരവധി തവണ സുനില്‍ സുരേന്ദ്രന്‍ എന്ന പേരില്‍ പള്‍സര്‍ സുനി ദുബായ് യാത്ര നടത്തിയതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ദുബായില്‍ നടന്നിട്ടുള്ള പല അനാശാസ്യ കേസുകളിലും  സുനിക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. പള്‍സര്‍ ജയിലില്‍ നിന്നും അയച്ച ഒരു കത്തിനെ ചൊല്ലിയുള്ള അന്വേഷണത്തിന് ഒടുവിലാണ് കേസില്‍ ദിലീപും പ്രതിചേര്‍ക്കപ്പെടുന്നത്. ജൂണ്‍ 28ന് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ജൂലൈ 10 ലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ദിലീപ് അറസ്റ്റിലായി.

2017 ഫെബ്രുവരി 23 മുതല്‍ നീണ്ട ഏഴര വര്‍ഷങ്ങള്‍ പള്‍സര്‍ സുനി അഴിക്കുള്ളില്‍ കഴിഞ്ഞു. ഈ കാലയളവിനിടെ ഇയാൾ  സമര്‍പ്പിച്ച പത്ത് ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി സമര്‍പ്പിച്ചതിന് 25,000 രൂപ പിഴയിടുകയും ചെയ്തു. ഒരിക്കല്‍ ജാമ്യ ഹര്‍ജി നല്‍കി മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം  വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടിയെടുത്തത്. ഹൈക്കോടതിയില്‍ കൂടാതെ സുപ്രീം കോടതിയിലും  ജാമ്യ ഹര്‍ജികള്‍ പലതവണ തള്ളിയിരുന്നു. പിന്നീട് 2024ലാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്.