നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്കുള്ള ശിക്ഷയാണ് വിധിക്കുക. വിധിപ്രസ്താവത്തിന് മുന്നോടിയായി ശിക്ഷയുടെ കാര്യത്തിൽ പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കോടതി കേൾക്കും.പ്രതികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെടും. എന്നാൽ, പ്രതികളുടെ പ്രായം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ അഭ്യർഥിക്കും. ഈ വാദങ്ങൾ കേട്ട ശേഷമായിരിക്കും കോടതി ശിക്ഷ വിധിക്കുക. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ എസ്, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി മണികണ്ഠൻ ബി, നാലാം പ്രതി വിജീഷ് വി പി, അഞ്ചാം പ്രതി വടിവാൾ സലീം എന്ന എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കെതിരെയാണ് ഇന്ന് ശിക്ഷ പ്രഖ്യാപിക്കുന്നത്. അതേസമയം, കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ വിചാരണ നേരിട്ട നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു.

കുറഞ്ഞത് 20 വർഷം വരെ കഠിനതടവ്, ജീവപര്യന്തം വരെ തടവ്, പിഴ എന്നിവ ലഭിക്കാൻ സാധ്യതയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾ ഓരോരുത്തർക്കെതിരെയും ചുമത്തിയിട്ടുള്ളത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(A), 120(B) (ക്രിമിനൽ ഗൂഢാലോചന), 342 (അന്യായമായി തടവിൽ വയ്ക്കുക), 366 (സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടാനായി തട്ടിക്കൊണ്ടുപോവുക), 354 (സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം), 354(B) (സ്ത്രീയെ വസ്ത്രാക്ഷേപം നടത്താനായി ക്രിമിനൽ ബലപ്രയോഗം നടത്തുക), 357 (അന്യായമായി തടവിലാക്കാൻ വേണ്ടി ആക്രമണം) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ 506(i) (ഒരു സ്ത്രീയോട് അവിഹിത ബന്ധം ആരോപിക്കുക), 201 (തെളിവ് നശിപ്പിക്കൽ), 109 (കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ), ഐടി ആക്ട് എന്നിവയും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഏറ്റവും പ്രധാനമായി 376(D) വകുപ്പ് പ്രകാരമുള്ള കൂട്ടബലാത്സംഗ കുറ്റവും ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട്. ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താൽ, അതിൽ ഉൾപ്പെട്ട ഓരോ വ്യക്തിയും ബലാത്സംഗ കുറ്റം ചെയ്തതായി കണക്കാക്കുകയും കുറഞ്ഞത് 20 വർഷം വരെ കഠിനതടവ്, ജീവപര്യന്തം വരെ തടവ്, പിഴ എന്നിവ ലഭിക്കുകയും ചെയ്യുന്ന വകുപ്പാണിത്.

2017 ഫെബ്രുവരി 17നായിരുന്നു അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവ നടിയെ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിക്രമവേളയിൽ തന്നെ ഇതൊരു ക്വട്ടേഷനാണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം തന്നെ കേസിൽ ഗൂഢാലോചനയുണ്ട് എന്നതിലേക്കുള്ള ശക്തമായ സൂചനയായിരുന്നു.പിന്നീട് പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതാണ് അന്വേഷണത്തിൽ നിർണായകമായി മാറിയത്. ഇതിനെ തുടർന്നാണ് നടൻ ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി 13 മണിക്കൂർ ചോദ്യം ചെയ്തത്. തുടർന്ന് 2017 ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തു. 85 ദിവസത്തെ ജയിൽ വാസത്തിനൊടുവിലായിരുന്നു അന്ന് ദിലീപിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേസിൽ പിന്നീട് അസാധാരണമായ നിരവധി സംഭവങ്ങളാണ് ഉണ്ടായത്. വിചാരണ നടപടികൾ വൈകുന്നതിന് പ്രധാന കാരണമായത് ദിലീപ് അമ്പതിലേറെ തവണ വിവിധ ഹർജികളുമായി കോടതികളെ സമീപിച്ചതായിരുന്നു. ഇതിനിടെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന പി സുരേഷൻ രാജി വയ്ക്കുകയും അഡ്വക്കറ്റ് അനിൽ കുമാർ പുതിയ പ്രോസിക്യൂട്ടറായി ചുമതലയേൽക്കുകയും ചെയ്തു. താമസിയാതെ അനിൽ കുമാറും രാജി വച്ചതോടെ അജ കുമാറാണ് നിലവിൽ പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസിനെ വധിക്കാൻ എട്ടാം പ്രതിയായിരുന്ന ദിലീപ് ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസ് രജിസ്റ്റർ ചെയ്ത് ഒമ്പത് വർഷം പൂർത്തിയാകാൻ രണ്ട് മാസവും 12 ദിവസവും മാത്രം അവശേഷിക്കെയാണ് കേസിൽ വിചാരണ കോടതി വിധി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.