"ദേവന് നേദിക്കും മുന്‍പ് മന്ത്രിക്ക് വള്ളസദ്യ വിളമ്പിയത് ; ആചാര ലംഘനം ": തന്ത്രി

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി കാണിച്ച് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി.വള്ളസദ്യ ദേവന് നേദിക്കുന്നതിനു മുൻപ് മന്ത്രിക്ക് നൽകിയത് ആചാര ലംഘനമാണെന്നും പരസ്യമായ പരിഹാരക്രിയ വേണമെന്നുമാണ് കത്തിൽ പറയുന്നത്. സെപ്റ്റംബർ 14നായിരുന്നു ആറന്മുള വള്ളസദ്യ. ഒക്ടോബർ 12നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് കത്ത് നൽകിയത്.പരിഹാരക്രിയകൾ പരസ്യമായിത്തന്നെ വേണമെന്നാണ് തന്ത്രിയുടെ നിർദേശം. പരിഹാരക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്‍റെ മുഴുവൻ പ്രതിനിധികളും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവനു മുൻപിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണം.11 പറ അരിയുടെ സദ്യയുണ്ടാക്കണം. ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നൽകണം. ദേവന് സദ്യ സമർപ്പിച്ചശേഷം എല്ലാവർക്കും വിളമ്പണമെന്നുമാണ് തന്ത്രിയുടെ നിർദ്ദേശം. ഇനി അബദ്ധം ഉണ്ടാകില്ലെന്നും വിധിപ്രകാരം സദ്യ നടത്തിക്കോളാമെന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തിൽ നിർദേശിക്കുന്നു.ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. എന്നാൽ, ദേവന് നേദിക്കുന്നതിനു മുൻപ് മന്ത്രിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും വള്ളസദ്യ വിളമ്പിയെന്നായിരുന്നു ആക്ഷേപം. മന്ത്രിക്കും മറ്റുള്ളവർക്കും മറ്റ് തിരക്കുകളുണ്ടായിരുന്നതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നായിരുന്നു പള്ളിയോട സേവാസംഘം ഇതുസംബന്ധിച്ച് നൽകിയ വിശദീകരണം.ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. "തന്ത്രിയൊക്കെ കൂടിയാണല്ലോ അന്ന് വിളമ്പിയത്. മറുപടി തന്ത്രി തന്നെ പറഞ്ഞാൽ മതിയാകും," എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആചാരങ്ങളുടെ അകമ്പടിയോടെയാണ് ആറന്മുളസദ്യയുടെ വഴിപാട് ആരംഭിക്കുക. അതിനായി പള്ളിയോട കരയില്‍ നിന്ന് അനുവാദം വാങ്ങും, ശേഷം സദ്യക്ക് വേണ്ട ഒരുക്കങ്ങൾ ആരംഭിക്കും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കല്‍പം. പുരോഹിതരില്ലാത്ത വഴിപാട് എന്നതും ആറന്മുള വള്ള സദ്യയുടെ പ്രത്യേകതയാണ്.
വഞ്ചിപ്പാട്ട് പാടി പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ ക്ഷേത്ര കടവിൽ എത്തും. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വഴിപാടുകാര്‍ ആചാര പ്രകാരം സ്വീകരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലെത്തി ചടങ്ങുകൾ നടത്തും. തുടർന്ന് വഞ്ചിപ്പാട്ട് പാടി വള്ളസദ്യ ആരംഭിക്കും. പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ വഴിപാടുകാരൻ വിഭവങ്ങൾ എത്തിച്ചു നൽകുന്നതും ആചാരത്തിൻ്റെ ഭാഗമാണ്. തുടർന്ന് ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിച്ച് പള്ളിയോട കരക്കാര്‍ മടങ്ങുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.ഓതറ, ളാക -ഇടയാറൻ മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ ഏഴു പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുക്കും. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്.