തിരുവനന്തപുരത്തും കോഴിക്കോടുമായി നടന്ന വാഹനാപകടങ്ങളില്‍ ഏഴ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ഏഴ് മരണം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് വാഹനാപകടങ്ങളുണ്ടായത്. തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. കോഴിക്കോട് നല്ലളത്തിനടുത്ത് നടന്ന അപകടത്തിൽ നാല് പേർക്കും ദാരുണാന്ത്യം. മോഡേൺ ബസാറിൽ നടന്ന അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമായും തുടരുന്നു.തിരുവനന്തപുരത്ത് നടന്ന അപകടത്തിൽ നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍ ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കോഴിക്കോട് ഇന്ന് പുലർച്ചെ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ 3:20ന് ആയിരുന്നു അപകടമുണ്ടായത്.കാറും എതിരെ വന്ന ലോറിയുമായി മോഡേൺ ബസാർ പി കെ സ്റ്റീൽസിന് മുൻ വശത്തുള്ള വി പാർക്കിന് അടുത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ യാത്രക്കാരായ അഞ്ച് പേർ വാഹനത്തിനുള്ളിൽ കുടുങ്ങിപോവുകയായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
ഒടുവിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഓടിയെത്തിയ നാട്ടുകാർ ഒരാളെ രക്ഷപ്പെടുത്തി പുറത്തെടുക്കുകയും മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. മീഞ്ചന്തയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സംഘമാണ് ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് ഇടിച്ചു തകർന്ന കാർ വെട്ടി പൊളിച്ച് കാറിനകത്ത് കുടുങ്ങിയ നാല് പേരെയും പുറത്തെടുത്തത്.ഇതിൽ മൂന്നുപേർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു. മൊബൈൽ കമ്പനിയുടെ ടവർ നിർമാണം കഴിഞ്ഞ് മടങ്ങുന്നവരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാമനാട്ടുകര സ്വദേശി ദിനിൽ, ഫാറൂഖ് കോളജ് സ്വദേശികള് അജീഷ്, വിമൽ, ഫാറൂഖ് കോളജ് പന്തീരങ്കാവ് സ്വദേശികളായ ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ദിജിൽ എന്നയാള്‍ ഗുരുതര പരുക്കുകളുടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.