വീടുപണിക്കായി സൂക്ഷിച്ച കട്ടിള ദേഹത്ത് വീണ് ഏഴ്‌ വയസുകാരൻ മരിച്ചു

വീടുപണിക്കായി സൂക്ഷിച്ച കട്ടിള ദേഹത്ത് വീണ് ഏഴ്‌ വയസുകാരൻ മരിച്ചു

പത്തനംതിട്ട: വീടുപണിക്കായി സൂക്ഷിച്ച കട്ടിള ദേഹത്ത് വീണ് ഏഴ്‌ വയസുകാരൻ മരിച്ചു. അടൂരിലാണ് ദാരുണ സംഭവം. ഏഴംകുളം അറുകാലിക്കൽ വെസ്‌റ്റ് സ്വദേശികളായ തനൂജ് കുമാർ ആര്യ ദമ്പതികളുടെ മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്.

ജനുവരി 11ന്  രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടിളയാണ് ദ്രുപതിൻ്റെ ദേഹത്ത് വീണത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കട്ടിള കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദ്രുപതിനെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. സംസ്‌കാരം നാളെ നടക്കും. ഓമല്ലൂർ കെവി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ദ്രുപത്.

അടൂർ ബൈപ്പാസിൽ അലുമിനിയം-സ്റ്റീൽ വർക്‌സ് ബിസിനസ് നടത്തുന്ന സ്‌കൈലൈൻ ഉടമയാണ് ദ്രുപതിൻ്റെ പിതാവ് തനൂജ് കുമാർ. അടൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈത് ആണ് സഹോദരൻ.