സിപിഎം നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി

പത്തനംതിട്ട: സിപിഎം നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. റാന്നി സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്‍റുമായ അലന്‍ മാത്യുവിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ വാഗ്‌ദാനം നൽകി വിവിധ ഇടങ്ങളിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പരാതിയ്‌ക്ക് പിന്നാലെ അലന്‍ മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി.വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ വളരെനാളുകളായി അടുപ്പത്തിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വിവിധ ഇടങ്ങളില്‍ എത്തിച്ചു ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്. വിവാഹ വാഗ്‌ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.
2024 ജൂണ്‍ മാസത്തിൽ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യുവതിയെ അലന്‍ തൻ്റെ കാറില്‍ കയറ്റി കൊണ്ടു വരുമ്പോഴും തിരികെ കൊണ്ട് പോകുമ്പോഴും പലതവണ കാറിൽ വച്ചു പീഡിപ്പിച്ചു.2025 മെയ് 18 ന് കൊച്ചിയിലെ ഹെറിറ്റേജ് ഹോമിലും ജൂലൈ എട്ടിന് വാഗമണ്ണിലെ റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചു. 2026 ജനുവരി ഒന്നിന് ചങ്ങനാശേരി റൂട്ടിലുള്ള റെസ്റ്റോറൻ്റില്‍ വെച്ചും അലന്‍ പീഡനത്തിനിരയാക്കിയഥായാണ് യുവതിയുടെ പരാതി.നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്‌ത് തന്നെ ഗര്‍ഭിണിയാക്കിയെന്നും
തുടർന്ന് നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തിയർന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അലൻ വിവാഹ വാഗ്‌ദാനത്തിൽ നിന്നും പിന്മാറിയത്തോടെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.യുവതിയുടെ പരാതിയിൽ അലന്‍ മാത്യുവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യം കലക്‌ടർക്കാണ് പരാതി നൽകിയത്. കലക്‌ടർ പരാതി എസ്‌പിയ്‌ക്ക് നൽകുകയും എസ്‌പി പരാതി ഡിവൈഎസ്‌പിക്കും നൽകുകയുമായിരുന്നു.
വെള്ളിയാഴ്‌ച നൽകിയ പരാതി തിങ്കളാഴ്‌ച വരെ അവിടെ ഇരുന്നു. അപ്പോൾ അത് പാർട്ടി അറിയാതെ ആണോ അവിടെ ഇരുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പാർട്ടി നിർദേശപ്രകാരമായിരുന്നു. ആത്മഹത്യയ്‌ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളജിലായ ശേഷമാണ് കേസെടുത്തത്. പാർട്ടി നേതാക്കള്‍ പോലും ഇടപെട്ടാണ് വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയത്. എന്നാല്‍ അലൻ മാത്യു പിന്മാറിയിട്ടും ആരും ഇടപെട്ടില്ല. മുൻ എംഎല്‍എ ഉള്‍പ്പെടെ കേസില്‍ ഇടപെട്ടുവെന്നും യുവതി പറയുന്നു.വിവാഹം നടത്താമെന്ന് പാർട്ടിക്കാരടക്കം പറഞ്ഞിരുന്നു. രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതിനിടെയാണ് യുവതിയുടെ ഗർഭം അലസിയത്. ഇതോടെ ഇനി പേടിപ്പിക്കാൻ എന്താണുള്ളത് എന്ന് ചോദിച്ച് അലൻ മാത്യു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒരു തരത്തിലുമുള്ള നീതിയും തനിക്ക് ലഭിച്ചില്ല. അലൻ പിന്മാറിയപ്പോള്‍ പൊലീസിൻ്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും യുവതി പറഞ്ഞു.