കെഎസ്ആർടിസിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

കെഎസ്ആർടിസിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി. ഇന്ന്  രാവിലെ ആലപ്പുഴ – തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസ് കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ചു പോകുകയായിരുന്ന ഇയാൾ അമ്പലപ്പുഴയിൽ നിന്നാണ് ബസിൽ കയറിയത്. കൊല്ലത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ അരികിലെ സീറ്റിൽ വന്നിരുന്ന പ്രതി, ബസ് കരുവാറ്റ ഭാഗത്തെത്തിയപ്പോൾ കടന്നുപിടിക്കുകയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ പതറാതെ പെൺകുട്ടി ശബ്ദമുയർത്തി ബഹളം വെച്ചതോടെ ബസ് ഡ്രൈവർ ഉടൻ തന്നെ വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. പിടിയിലാകുമെന്ന് ബോധ്യമായതോടെ പ്രതി ബസിൽ നിന്ന് ചാടി പുറത്തേക്ക് ഓടി. ഇതോടെ ബസ് ഡ്രൈവറും പിന്നാലെ വെച്ചുപിടിച്ചു. അരക്കിലോമീറ്ററോളം നടത്തിയ ഓട്ടപ്പന്തയത്തിനൊടുവിൽ പ്രതിയെ നാട്ടുകാർ വളഞ്ഞുപിടിച്ചു. തുടർന്ന് ഇയാളെ അതേ ബസ്സിൽ തന്നെ കയറ്റി നേരെ ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു.