ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

പത്തനംതിട്ട: ഇന്ന് ഉഷപ്പൂജക്ക് ശേഷം ശബരിമല, മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളായ കശ്യപ് വർമ്മയേയും മൈഥിലി കെ വർമ്മയേയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകി അയച്ചിട്ടുണ്ട്. 2011 ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്‌റ്റിസ് കെ റ്റി തോമസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിനായി അയക്കുന്നത്.

ശബരിമല മേല്‍ശാന്തിക്കായി 14 പേരാണ് ചുരുക്കപട്ടികയിലുള്ളത്. മാളികപ്പുറം മേല്‍ശാന്തിക്ക് 13 പേരും പട്ടികയിലുണ്ട്. നറുക്കെടുപ്പിന് മുന്നോടിയായി ഹൈക്കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. മാര്‍ഗരേഖ പ്രകാരം നറുക്കെടുപ്പ് സമയത്ത് 4 പേരെ മാത്രമേ സോപാനത്ത് അനുവദിക്കുകയുള്ളു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, ദേവസ്വം കമ്മിഷണര്‍, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരെയാണ് നറുക്കെടുപ്പ് സമയത്ത് അനുവദിക്കുകയുള്ളൂ.

പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂജ വർമ്മ (കൃഷ്‌ണവിലാസം കൊട്ടാരം മാവേലിക്കര വലിയകൊട്ടാരം), ശൈലേന്ദ്ര വർമ്മ (പാലിയക്കര കൊട്ടാരം തിരുവല്ല ) ദമ്പതികളുടെ മകൻ കശ്യപ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. കശ്യപ് വർമ്മ ഡിജിറ്റാലിസ് പ്രൈമറി സ്‌കൂൾ (അൽമേർ നെതർലാൻഡ്‌സ്) അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.ചിന്മയി വർമ്മ പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിലെ മുൻ രാജ പ്രതിനിധി രാഘവവർമ്മയുടെ മകൾ ശ്രുതി ആർ വർമ്മ - കേരള വർമ്മ. സി. കെ (ചാഴൂർ കോവിലകം) ദമ്പതികളുടെ മകൾ മൈഥിലി കെ വർമ്മ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. മൈഥിലി കെ വർമ്മ ബാഗ്ലൂർ സംഹിത അക്കാദമി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യർഥിനിയാണ്. മാധവ് കെ വർമ്മയാണ് മൈഥിലി കെ വർമ്മയുടെ സഹോദരൻ.

പന്തളം കൊട്ടാരം വലിയ തമ്പുരാനെയും വലിയ തമ്പുരാട്ടിയെയും കണ്ട് ഇന്ന്  ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിലെ ദർശനത്തിനുശേഷം കുട്ടികളും സംഘം പ്രതിനിധികളും (വൈസ് പ്രസിഡൻ്റ് അരുൺകുമാർ കമ്മിറ്റി അംഗം കേരളം വർമ്മ) രക്ഷിതാക്കളും സന്നിധാനത്തേക്ക് യാത്ര തിരിച്ചു.