ശബരിമല സ്വർണക്കൊള്ള :മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള :മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു അറസ്റ്റിൽ

പത്തനംത്തിട്ട:  ശബരിമല സ്വർണക്കൊള്ളയുമായി ​ബന്ധപ്പെട്ട് ​ഒരാൾ കൂടി അറസ്റ്റിൽ. മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണർക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം.

സ്വർണക്കൊള്ള:  നിര്‍ണായക വെളിപ്പെടുത്തൽ നടത്തി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി.ആർ.രാധാകൃഷ്ണൻ. 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിര്‍ണായക വെളിപ്പെടുത്തലുമായി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി.ആർ.രാധാകൃഷ്ണൻ. ഒരു ദേശീയ മാധ്യമത്തിൽ നടന്ന ചർച്ചയിലാണ്   ശബരിമലയിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് തിരുവാഭരണം കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ ബോർഡിനെ കത്ത് നൽകി അറിയിച്ചിരുന്ന കാര്യം  സി.ആർ രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്.. 2019   സെപ്റ്റംബർ 3ന് അന്നത്തെ പ്രസിഡന്റ്  പത്മകുമാറിന് നൽകിയ  രണ്ടുപേജുള്ള കത്തിൻ്റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു. വസ്തുവകകൾ സുരക്ഷിതമല്ല. ഒന്നും വ്യവസ്ഥാപിതമല്ല. വെരിഫിക്കേഷൻ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ കത്തിൽ പറയുന്നുണ്ട്.  ചർച്ചയിൽ ദേവസ്വം ബോർഡ് പദവികളിലിരിക്കുന്നവരുടെ  ദുർവ്യയത്തെക്കുറിച്ചും 'ചോദിക്കാൻ ആരുമില്ല'  എന്ന ധാരണയിൽ നടത്തുന്ന അധികാരത്തിൻ്റെ ധാർഷ്ട്യത്തെക്കുറിച്ചും സി.ആർ.രാധാകൃഷ്ണൻ പ്രത്യേകം പരാമർശിച്ചു.