ശബരിമല സ്വർണക്കൊള്ള:എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള:എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ അട്ടക്കുളങ്ങര സബ് ജയിലിലേക്ക് മാറ്റും. പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ നിലവിൽ നൽകിയിട്ടില്ലെങ്കിലും പിന്നീട് നൽകാനാണ് തീരുമാനം.

അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മിഷനർ എൻ വാസുവിന് പിന്നാലെയാണ് 2019ൽ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വച്ച് എസ്പി ശശിധരൻ്റെ നേതൃത്വത്തിൽ നാല് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പത്മകുമാറിന് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു നടപടി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് എ പത്മകുമാർ.

അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകൾ

ശബരിമലയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് എ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രധാന കണ്ടെത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. പോറ്റിക്ക് ശബരിമലയിൽ എ പത്മകുമാർ സർവസ്വാതന്ത്ര്യം നൽകിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും സ്വർണക്കൊള്ളയിൽ ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു. കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്‌ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്. എൻ വാസു ദേവസ്വം ബോർഡ് കമ്മിഷനറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ.