ശബരിമല സ്വർണക്കൊള്ള: ഡി മണി പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിനായി ഡി മണി പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരായി. മണിയെത്തിയത് അഭിഭാഷകനോടൊപ്പം. ഇവർക്കും മുകളിൽ നിൽക്കുന്ന ഉന്നതൻ ആരാണെന്ന കാര്യത്തിലാണ് കേരളം പ്രധാനമായും ഉത്തരം തേടുന്നത്. മണിക്കൊപ്പം ഇയാളുടെ പേരിലുള്ള വ്യാജ ഫോൺ നമ്പറുകളുടെ ഉടമകളോടും ചോദ്യം ചെയ്യലിന് എത്താൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.തമിഴ്നാട്ടിലെ ദിണ്ടിഗൽ സ്വദേശിയായ ഡി മണി എന്നറിയപ്പെടുന്ന വ്യവസായിയെ ചുറ്റിപ്പറ്റി വലിയ ദുരൂഹതകളാണുള്ളത്. ഇദ്ദേഹത്തിൻ്റെ യഥാർഥ പേര് ബാലമുരുകൻ എന്നാണെന്നും 'ഡയമണ്ട് മണി' എന്നത് വിളിപ്പേരാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ താൻ 'എംഎസ് മണി' ആണെന്നും ഡി മണി അല്ലെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.ശബരിമലയിലെ സ്വർണ0 കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന കണ്ണിയാണ് ഇദ്ദേഹമെന്നാണ് ആരോപണം. ശബരിമലയിലെ സ്വർണം പൂശൽ ജോലികൾ ഏറ്റെടുത്ത ഉണ്ണികൃഷ്ണൻ പോറ്റി വഴി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ ഇദ്ദേഹത്തിന് കൈമാറിയതായി ഒരു വിദേശ മലയാളി വ്യവസായി വെളിപ്പെടുത്തിയിരുന്നു.
ഓട്ടോ ഡ്രൈവറിൽനിന്ന് കോടീശ്വരനിലേക്ക്
മണിയുടെ സാമ്പത്തിക ഇടപാടുകളിൽ വലിയ തോതിലുള്ള നിഗൂഢതകളാണുള്ളത്. വെറും ഓട്ടോ ഡ്രൈവറായിരുന്ന മണി ഏഴുവർഷം കൊണ്ടാണ് കോടീശ്വരനായി മാറിയത്. സ്വന്തം പേരിൽ ഒരു മൊബൈൽ നമ്പർ പോലും ഇല്ലാത്തത് മണിയുടെ ഇടപാടുകളെ കൂടുതൽ ദുരൂഹമാക്കുന്നു. ആഡംബര ഓഫിസ്, വീട്, വിലകൂടിയ മൂന്ന് എസ്‌യുവികൾ, ഭൂമി ഇടപാടുകൾ എന്നിവ മണിക്കുണ്ടെങ്കിലും ഇതൊന്നും ഇയാളുടെ പേരിൽ വാങ്ങിയതല്ലെന്നതാണ് ശ്രദ്ധേയം. മണിക്കും മുകളിൽ ഒരു ഉന്നതൻ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതും ഈ ഘടകങ്ങളാണ്.
ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും വൻ കവർച്ചയ്ക്ക് ഇദ്ദേഹത്തിൻ്റെ സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. പുരാവസ്തു തട്ടിപ്പും വിഗ്രഹക്കടത്തും നടത്തുന്ന രാജ്യാന്തര സംഘവുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ദിണ്ടിഗലിലെ വസതിയിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
അന്വേഷണം വിപുലീകരിക്കുന്നു
മണിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രഹസ്യവിവരം കൈമാറിയ പ്രവാസി വ്യവസായിയിൽനിന്നും എസ്ഐടി ഇന്നലെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. മണിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ബെല്ലാരി സ്വദേശി ഗോവർധനെയും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി ഇന്നലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മണിയെയും പന്തളത്തെ പ്രവാസിയെയും തമ്മിൽ ബന്ധിപ്പിച്ച രാഷ്ട്രീയ ഇടനിലക്കാരൻ ആരാണെന്നും അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഇക്കാര്യം പ്രവാസി വ്യവസായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇ-മെയിൽ, പാസ്‌പോർട്ട്, യാത്രാരേഖകൾ എന്നിവയെല്ലാം ഇന്ന് ഹാജരാക്കാനാണ് എസ്ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. മണിയിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ അയാളുടെ ഓഫിസിലെ മുതിർന്നയാളെ കസ്റ്റഡിയിൽ എടുക്കാനാണ് തീരുമാനം. കേസന്വേഷണത്തിൽ ദിണ്ടിഗൽ പൊലീസ് എസ്ഐടിയെ സഹായിക്കുന്നില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും കേരള സർക്കാർ തമിഴ്നാട് സർക്കാരുമായി ബന്ധപ്പെടാത്തതും സംശയമുണർത്തുന്നുണ്ട്.
*ഇപ്പോൾ സന്നിധാനത്ത് റവന്യു വകുപ്പിൻ്റെ പരിശോധന നടക്കുകയാണ്