ശബരിമല സ്വർണ്ണക്കൊള്ള; പ്രതി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ നാലാം പ്രതി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. ജയശ്രീ ദേവസ്വം ബോർഡ് മിനിറ്റ്സ് തിരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയത്. ഇവരുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ദ്വാരപാലക പാളി സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് മുൻ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ. ദ്വാരപാലക സ്വർണപാളികൾ ഉണ്ണി കൃഷ്‌ണൻ പോറ്റിയ്ക്ക് കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിൽ ഇവർ തിരുത്തൽ വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ.ദ്വാരപാലക ശിൽപങ്ങളിലേത് സ്വർണം പൊതിഞ്ഞ പാളികൾ ആണെന്ന് അറിയാമായിരുന്നിട്ടും അത് മറച്ചു വച്ച്, മിനുട്ട്സിൽ ചെമ്പു പാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നാണ് ജയശ്രീ രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് എത്തുകയായിരുന്നു.
ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ അന്വേഷണ സംഘം ഇവരുടെ അറസ്‌റ്റിലേക്ക് നീങ്ങുമെന്നാണ് വിവരം. തിരുവല്ല സ്വദേശിനിയായ ഇവർ നിലവില്‍ കാക്കാനാടാണ് താമസിക്കുന്നത്.ഇതിനിടെ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. പത്മകുമാറിൻ്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിട്ടുണ്ട്. മുൻ ദേവസ്വം കമ്മിഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എൻ. വാസുവിനെ ചൊവ്വാഴ്‌ച അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.വാസു ഇപ്പോൾ റിമാൻഡിലാണ്. പത്മകുമാർ പ്രസിഡൻ്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോർഡിൽ പ്രധാന പദവി വഹിച്ചിരുന്നു. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നതിൻ്റെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്‌റ്റ് ചെയ്‌തത്. ദേവസ്വം ബോർഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്‌കുമാർ എന്നിവരെ അറസ്‌റ്റ് ചെയ്‌തതിൽ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് എൻ വാസു അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. സ്വർണം പൂശാനായി കൊണ്ടുപോയത് തൻ്റെ അറിവോടെയായിരുന്നില്ലെന്നും അദ്ദേഹം മൊഴി നൽകി.എന്നാൽ കേസിൽ പിന്നീട് അറസ്‌റ്റിലായ പ്രതികളുടെ മൊഴികൾ വാസുവിന് പ്രതികൂലമാവുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം പ്രതിയായ കൊല്ലം പൂവറ്റൂർ സ്വദേശിയായ വാസുവിൻ്റെ ഇടപെടൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കസ്‌റ്റഡി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.