D ഫോർ ഡയമണ്ട് : ഡയമണ്ട് മണി ലക്ഷ്യമിട്ടത് 1000 കോടിയുടെ കവർച്ച

D ഫോർ ഡയമണ്ട് : ഡയമണ്ട്  മണി ലക്ഷ്യമിട്ടത് 1000 കോടിയുടെ കവർച്ച

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ പങ്കുണ്ടെന്ന് പ്രവാസി വ്യവസായിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണം ഉന്നയിച്ച ഡി മണിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ചെന്നൈയില്‍ നിന്നാണ് മണിയെ അന്വേഷണ സംഘം കണ്ടെത്തിയത്. ഡി മണി എന്നും ഡയമണ്ട് മണി എന്നും അറിയപ്പെടുന്ന ഇയാളുടെ യഥാർഥ പേര് ബാലമുരുകൻ എന്നാണെന്ന് എസ്‌ഐടി വെളിപ്പെടുത്തി. തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ് ഇയാള്‍.

മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്‌തത്. വലിയ വിഗ്രഹ കടത്താണ് ശബരിമലയില്‍ നടന്നത് എന്നായിരുന്നു മലയാളിയായ പ്രവാസി വ്യവസായിയുടെ മൊഴി. 2019,2020 കാലങ്ങളില്‍ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ രാജ്യാന്തരപുരാവസ്‌തു കടത്ത് സംഘത്തിന് വിറ്റിരുന്നു. ഡി മണിയാണ് ഇത് വാങ്ങിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിയാണ് ഇതിന് ഇടനിലക്കാരനായി നിന്നത്. ശബരിമലയില്‍ ഭരണചുമതലയുളള ഒരു ഉന്നതനാണ് വിഗ്രഹം നല്‍കാൻ നേതൃത്വം നല്‍കിയത് എന്നും വ്യവസായി മൊഴി നല്‍കി.മണി ഒരു വിഗ്രഹ വ്യാപാരി ആണെന്നാണ് വ്യവസായി പറഞ്ഞത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി അടുത്ത ബന്ധം ഉണ്ടെന്നും ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ക്ക് താൻ സാക്ഷിയാണെന്നും വ്യവസായി പറയുകയുണ്ടായി. വിഗ്രഹ കടത്തിന്‍റെ പണം കൈമാറിയത് 2020 ഒക്‌ടോർ 26ന് തിരുവനന്തപുരത്ത് വച്ചായിരുന്നു എന്ന് വ്യവസായി പറഞ്ഞിരുന്നു. മണിയും ഉണ്ണികൃഷ്‌ണൻ പോറ്റിയും ശബരിമലയിലെ ഉന്നതനുമാണ് ഈ സമയത്ത് ഉണ്ടായിരുന്നതെന്നും ഈ കാര്യങ്ങള്‍ തനിക്ക് നേരിട്ട് അറിയാമെന്നും വ്യവസായി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

വ്യവസായിയില്‍ നിന്ന് നിർണായക വിവരങ്ങളാണ് എസ്‌ഐടിയ്‌ക്ക് ലഭിച്ചത്. മണിയും സംഘവും കേരളത്തില്‍ ആയിരം കോടിയുടെ കവർച്ചയാണ് ലക്ഷ്യമിട്ടത് എന്നാണ് വിവരം. ശബരിമലയ്‌ക്ക് പുറമെ പത്മനാഭസ്വാമി ക്ഷേത്രവും ഇവരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. എന്നാല്‍ ഈ ഇടപാട് മുടങ്ങുകയായിരുന്നു എന്നാണ് വിവരം.