മകരവിളക്ക് മഹോത്സവം : ശബരിമലയിൽ കടുത്ത നിയന്ത്രണം; 11 മണി കഴിഞ്ഞാൽ കടത്തിവിടില്ല, 35,000 പേർക്ക് മാത്രം പ്രവേശനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫിസർ എസ് സുജിത്ത് ദാസ് അറിയിച്ചു. മകരജ്യോതി ദർശനം സുഗമമാക്കുന്നതിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും നിർദേശങ്ങളും ഭക്തർ കൃത്യമായി പാലിക്കണം.
മകരവിളക്ക് ദിവസം സന്നിധാനത്ത് രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. നിലവിൽ 11 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 34 സിഐമാരും 1489 സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 1534 സേനാംഗങ്ങൾ സന്നിധാനത്ത് സേവനത്തിനുണ്ട്. ഇതിനുപുറമേ അഞ്ഞൂറോളം ഉദ്യോഗസ്ഥർ കൂടി തിങ്കളാഴ്ച സന്നിധാനത്ത് എത്തും. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ നിലയ്ക്കലിൽനിന്നു പമ്പയിലേക്കും രാവിലെ 11 മുതൽ പമ്പയിൽനിന്നു സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല.തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലും 6.20ഓടെ സന്നിധാനത്തും എത്തും. തുടർന്ന് ദീപാരാധന നടക്കും. ഘോഷയാത്രയ്ക്ക് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർ തിരുവാഭരണപ്പെട്ടി തൊടാനോ ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ തിരക്ക് കൂട്ടാനോ ശ്രമിക്കരുത്. പാണ്ടിത്താവളം, ശരംകുത്തി, യുടേൺ തുടങ്ങിയ ഇടങ്ങളിലെ വ്യൂപോയിൻ്റുകളിൽ സുരക്ഷിതമായി നിന്ന് മകരജ്യോതി ദർശിക്കണം. വനമേഖലയോട് ചേർന്നുള്ള പല വ്യൂപോയിൻ്റുകളിലും ഭക്തർ വിരിവയ്ക്കാറുണ്ട്. ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും പാചകം ചെയ്യരുത്. ഹിൽടോപ്പിൽ അപകടസാധ്യത ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുരുസ്വാമിമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും നിർദേശങ്ങൾ നൽകുന്നുണ്ട്. സോപാനത്തിലും തിരുമുറ്റത്തും പരിസരത്തും ഘോഷയാത്ര എത്തുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്തരെ വ്യൂപോയിൻ്റുകളിലേക്ക് മാറ്റിയശേഷമാകും തിരുവാഭരണം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക.മടക്കയാത്രയ്ക്ക് മൂന്ന് റൂട്ടുകൾ
മകരജ്യോതി ദർശനത്തിന് ശേഷം തിരക്കുകൂട്ടാതെ സുരക്ഷിതമായി പമ്പയിൽ എത്തണം. തിരിച്ചിറങ്ങാൻ മൂന്ന് റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്തുനിന്ന് ദർശൻ കോംപ്ലക്സിന് പിൻഭാഗത്തിലൂടെ നടപ്പന്തലിന് പിന്നിലെത്തി കൊപ്രാക്കളം, ട്രാക്റ്റർ റോഡ് വഴി കെഎസ്ഇബി ജങ്ഷനിലെത്തുന്നതാണ് ഒരു പ്രധാന റൂട്ട്. പാണ്ടിത്താവളം ജങ്ഷനിൽനിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി പൊലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദൻ റോഡിലെത്തുന്നതാണ് രണ്ടാമത്തെ പാത. നടപ്പന്തലിൻ്റെ മധ്യഭാഗം വഴി കെഎസ്ഇബി ജങ്ഷനിലെത്തുന്നതാണ് മൂന്നാമത്തെ വഴി. ഈ റൂട്ടുകളിലൂടെ ഭക്തരെ സെഗ്‌മെൻ്റുകളായി തിരിച്ച് അപകടം കൂടാതെ സുരക്ഷിതരായി പമ്പയിലെത്തിക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യം. മടങ്ങിപ്പോകുന്നതിനായി കെഎസ്ആർടിസി ബസുകൾ പമ്പയിൽ ക്രമീകരിച്ചിട്ടുണ്ട്. ഭക്തർ വരിപാലിച്ച് വാഹനങ്ങളിൽ കയറണം.
കാനനപാതയിൽ സുരക്ഷയൊരുക്കി വനംവകുപ്പ്
മകരവിളക്ക് മഹോത്സവം സുരക്ഷിതമാക്കുന്നതിന് വനംവകുപ്പും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാത സുരക്ഷിതമാക്കുന്നതിനായി പമ്പാനദിക്ക് കുറുകെ സഞ്ചരിക്കാൻ താത്കാലിക നടപ്പാത നിർമിച്ചിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ ബാരിക്കേഡുകളും സ്ഥാപിച്ചു. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്കുപുറമേ 120 പേരെ അധികമായി വിന്യസിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കായി തദ്ദേശീയരുടെ സഹകരണത്തോടെ 136 എക്കോ ഡെവലപ്‌മെൻ്റ് കമ്മിറ്റി (ഇഡിസി) വോളണ്ടിയർമാരുടെ സേവനം സത്രം, പുല്ലുമേട്, പമ്പ, അഴുതക്കടവ്, സന്നിധാനം എന്നിവിടങ്ങളിൽ ലഭിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പമ്പ ഹെഡ്ക്വാർട്ടേഴ്സിന് കീഴിൽ സ്പെഷ്യൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സഹായത്തിനായി 04735 203492 എന്ന നമ്പറിൽ ബന്ധപ്പെടാം.അധികൃതർ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽനിന്നു മാത്രമേ ഭക്തർ മകരവിളക്ക് ദർശനം നടത്താവൂ. അനധികൃതമായി വനത്തിനകത്തേക്ക് പ്രവേശിക്കുന്നതും മകരവിളക്ക് കാണാൻ മരങ്ങളിൽ കയറുന്നതും അപകടകരമായ രീതിയിൽ വനമേഖലകളിലേക്ക് കടക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനകത്ത് ഭക്ഷണം പാകം ചെയ്യുന്നത് അനുവദിക്കില്ല.
സജ്ജമായി അഗ്നിരക്ഷാ സേന
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനും സന്നിധാനത്ത് അഗ്നിരക്ഷാ സേനയും സജ്ജമാണ്. ഫയർ ആൻഡ് റെസ്‌ക്യു ശബരിമല സ്പെഷ്യൽ ഓഫിസർ അരുൺ ഭാസ്കറിൻ്റെ കീഴിൽ ഒരു സ്റ്റേഷൻ ഓഫിസർ, മൂന്ന് സ്റ്റേഷൻ ഓഫിസർമാർ, രണ്ട് മെക്കാനിക്കുകൾ, 10 ഡ്രൈവർമാർ, 10 സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാർ, 57 ഫയർമാൻമാർ എന്നിവരടങ്ങിയ സംഘമാണ് സന്നിധാനത്തുള്ളത്. സ്ട്രെച്ചർ സർവീസിനും മറ്റുമായി 50 സിവിൽ ഡിഫൻസ് വോളണ്ടിയർമാരും പമ്പയിൽ 10 അംഗ സ്‌കൂബ ഡൈവിങ് സംഘവുമുണ്ട്.വണ്ടിപ്പെരിയാർ, പുല്ലുമേട്, പാഞ്ചാലിമേട്, സത്രം, പരുന്തുംപാറ, അയ്യൻമല, പഞ്ഞിപ്പാറ, ഇലവുങ്കൽ, അട്ടത്തോട്, അട്ടത്തോട് ഉന്നതി, ളാഹ, വടശേരിക്കര, നീലിമല തുടങ്ങിയ 13 വ്യൂപോയിൻ്റുകളിൽ പത്തിൽ കുറയാത്ത സേനാംഗങ്ങൾ ഡ്യൂട്ടിയിലുണ്ടാകും. മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ഫയർ ടെൻഡറുകൾ, ആംബുലൻസ്, റെസ്‌ക്യു വെഹിക്കിൾ, ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ തുടങ്ങി 31 വാഹനങ്ങളും സജ്ജമാണ്. ഹോട്ടലുകൾ, ദേവസ്വം കെട്ടിടങ്ങൾ, എൽപിജി ഗോഡൗണുകൾ, വെടിക്കെട്ടുപുര, കൊപ്രാക്കളം, മാളികപ്പുറം പരിസരത്തെ ബഹുനില കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൊലീസ്, വനംവകുപ്പ് എന്നിവരുമായി ചേർന്ന് വനത്തിനുള്ളിൽ സംയുക്ത സ്ക്വാഡ് പരിശോധനയും നടത്തുന്നുണ്ട്. പർണശാലകൾ കെട്ടുന്നതോ പാചകം ചെയ്യുന്നതോ അനുവദിക്കില്ല. പുല്ലുമേട് കാനനപാതയിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സ്ട്രെച്ചർ സർവീസും സേനാംഗങ്ങളും സജ്ജമാണ്. പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി എന്നിവിടങ്ങളിലും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.