ശബരിമല തീർഥാടനം: പന്തളത്ത് കൈപ്പുഴ മുതൽ മണികണ്ഠൻ ആൽത്തറ വരെ സുരക്ഷാ കാമറകൾ സ്ഥാപിക്കും

ശബരിമല തീർഥാടനം: പന്തളത്ത് കൈപ്പുഴ മുതൽ മണികണ്ഠൻ ആൽത്തറ വരെ സുരക്ഷാ കാമറകൾ സ്ഥാപിക്കും

പത്തനംതിട്ട: ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി പന്തളത്തെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ആദ്യപടിയായി കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ സുരക്ഷാ കാമറകൾ സ്ഥാപിക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പന്തളം വലിയകോയിക്കൽ ക്ഷേത്രം ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർഥാടനത്തിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിക്കുന്നത്.

ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമുള്ള ചുമതല പൊലീസിനാണ്. ഇതിനായി മഫ്തി പൊലീസ് ഉൾപ്പെടെയുള്ള അധിക ഓഫിസർമാരെ നിയോഗിക്കും. സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നതിലൂടെ കൈപ്പുഴ മുതൽ മണികണ്ഠൻ ആൽത്തറ വരെയുള്ള പ്രധാന പാതയിലെ മുഴുവൻ ചലനങ്ങളും നിരീക്ഷിക്കാനും സുരക്ഷാ ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും അടിയന്തരാവസ്ഥകളിൽ വേഗത്തിൽ ഇടപെടാനും പൊലീസിന് സാധിക്കും. തീർഥാടന കാലയളവിൽ വർധിക്കുന്ന വാഹനത്തിരക്ക് പരിഗണിച്ച് പന്തളം ടൗണിലും പരിസരങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൂടാതെ പാർക്കിങ്ങിനായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.തീർഥാടന കാലയളവിൽ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ഒരു താത്കാലിക ആശുപത്രി സ്ഥാപിക്കും. ഇവിടെ 24 മണിക്കൂറും മെഡിക്കൽ ടീമിൻ്റെ സേവനം ലഭ്യമാകും. പന്തളം പൊതുജനാരോഗ്യ കേന്ദ്രത്തിൽ ശബരിമല തീർഥാടനത്തിനായി പ്രത്യേക വിഭാഗങ്ങൾ തുറന്ന് അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസ് സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.അയ്യപ്പന്മാർക്ക് സൗജന്യമായി വിരിവയ്ക്കുന്നതിനും രാത്രി കഴിയുന്നതിനും വേണ്ട സൗകര്യങ്ങൾ ഇടത്താവളത്തിൽ ഏർപ്പെടുത്തും. കെഎസ്ആർടിസി ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പന്തളത്തേക്ക് പ്രത്യേക അധിക സർവീസുകൾ ക്രമീകരിക്കും. തീർഥാടന പാതയിൽ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആവശ്യമായ സൂചന ബോർഡുകൾ സ്ഥാപിക്കും.ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ശുചിത്വത്തിന് പ്രാധാന്യം നൽകി, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും കുളിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സഹായത്തോടെ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും. മേജർ ഇറിഗേഷൻ്റെ നേതൃത്വത്തിൽ നദിയിലെ കടവുകളിൽ സുരക്ഷാവേലി സ്ഥാപിക്കുന്നത് അപകട സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.