ശബരിമല സ്വർണക്കൊള്ള :കേസിൽ അന്വേഷണം തണുപ്പൻ രീതിയിലാണോ ?എന്ന് ,കോടതി

എറണാകുളം: ഏറെ ചർച്ചയായ ശബരിമല സ്വർണക്കവർച്ചാ കേസിൽ പൊലീസിൻ്റെ അന്വേഷണ രീതിയെ വിമർശിച്ച് ഹൈക്കോടതി. കേസിൽ അന്വേഷണം തണുപ്പൻ രീതിയിലാണോ മുന്നോട്ട് പോകുന്നതെന്ന് കോടതി ചോദിച്ചു. പ്രതികളായ എ പത്മകുമാറിൻ്റെയും ഗോവർധൻ്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി അവധിക്കാല ബഞ്ചിൻ്റെ ഈ പരാമർശം.
പ്രതികൾക്ക് ഇപ്പോൾ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടേണ്ടതുണ്ട്. മറ്റൊരു ബഞ്ചിൻ്റെ പരാമർശം കൂടി ചൂണ്ടിക്കാട്ടിയാണ് അവധിക്കാല ബഞ്ച് നിലപാട് വ്യക്തമാക്കിയത്. ഇതോടെ, പത്മകുമാറിൻ്റെയും ഗോവർധൻ്റെയും ജാമ്യാപേക്ഷകൾ അവധിക്കാലത്തിന് ശേഷം പരിഗണിക്കുന്നതിനായി റെഗുലർ ബഞ്ചിലേക്ക് മാറ്റി.
കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ പ്രതികൾ പരസ്പരം പഴിചാരുന്ന രീതിയിലുള്ള വാദങ്ങളാണ് ഉന്നയിച്ചത്. സ്വർണക്കവർച്ച കേസിൽ തനിക്ക് പങ്കില്ലെന്നാണ് ഗോവർധൻ കോടതിയെ അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ഭീഷണിപ്പെടുത്തിയാണ് സ്വർണം പിടിച്ചെടുത്തതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്രമക്കേടുകൾ നടത്തിയതെന്നും ഇയാൾ ആരോപിച്ചു. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ദേവസ്വം ബോർഡ് നിയമവിരുദ്ധമായി അനുമതി നൽകിയെന്നും ഗോവർധൻ വാദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൈമാറിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നാണ് പത്മകുമാർ കോടതിയിൽ പറഞ്ഞത്. ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും ഇതിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നും ജാമ്യാപേക്ഷയിൽ ഇയാൾ ചൂണ്ടിക്കാട്ടി.
ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ഗൗരവകരമായ ആരോപണങ്ങളാണ് കേസിന് ആധാരം. ദേവസ്വം ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. കോടതിയുടെ പുതിയ നിരീക്ഷണത്തോടെ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളോ കർശനമായ നടപടികളോ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം അന്നത്തെ ദേവസ്വം ബോര്‍ഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
2019ൽ ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കിയെടുക്കുന്നതിനുള്ള അപേക്ഷ ആദ്യം നൽകിയത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മന്ത്രിയുടെ ഓഫിസിൻ്റെ നിർദേശപ്രകാരമാണ് അന്നത്തെ ദേവസ്വം ബോർഡ് ഇത്തരത്തിൽ ഒരു സുപ്രധാന തീരുമാനമെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉന്നതരെ ചോദ്യം ചെയ്തിരിക്കുന്നത്. സ്വർണം കടത്തുന്നതിനും അതിൽ കൃത്രിമം നടത്തുന്നതിനും ഉന്നതതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് എസ്‌ഐടി പ്രധാനമായും പരിശോധിക്കുന്നത്.
കൂടുതൽ ഉദ്യോഗസ്ഥരെ അനുവദിച്ചു
ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. രണ്ട് സിഐമാരെ കൂടി ഉൾപ്പെടുത്താനായി ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് അനുമതി നൽകിയത്. അധിക ജോലിഭാരം ലഘൂകരിക്കണമെന്നും അതിനായി രണ്ട് ഉദ്യോഗസ്ഥരെ കൂടി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എസ്‌ഐടിയാണ് ഹൈക്കോടതിയിൽ ഉപഹർജി നൽകിയത്. ഈ ഉപഹർജി പരിഗണിച്ചാണ് അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നായിരുന്നു എസ്‌ഐടിയുടെ വാദം. ഹൈക്കോടതി നൽകിയ അന്വേഷണ കാലാവധി ജനുവരിയോടെ അവസാനിക്കും. അതിനുമുമ്പ് അന്വേഷണം പൂർത്തിയാക്കാനാണ് എസ്‌ഐടിയുടെ ശ്രമം.