പോലീസ് മർദ്ദനം :ഷാഫി പറമ്പിൽ എംപിയുടെ മൂക്കിൽ ശസ്ത്രക്രിയ, ഐസിയുവിൽ തുടരുന്നു

 പോലീസ് മർദ്ദനം :ഷാഫി പറമ്പിൽ എംപിയുടെ മൂക്കിൽ  ശസ്ത്രക്രിയ, ഐസിയുവിൽ തുടരുന്നു

കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ്‌ മർദനത്തിൽ  സാരമായി പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ശസ്‌ത്രക്രിയക്ക് ശേഷം ഐസിയുവിൽ തുടരുകയാണ്. ഇന്നലെ  രാത്രിയാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയക്ക് ശേഷം അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. തുടർ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായാണ് എംപിയെ ഐസിയുവിലേക്ക് മാറ്റിയത്. ഡോക്ടർമാരുടെ നിർദേശപ്രകാരം എംപിയുടെ പത്തു ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചതായി ഓഫിസ് വ്യക്തമാക്കി.ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ നിരവധി പ്രമുഖ നേതാക്കൾ സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ എംപി, ദീപാദാസ് മുൻഷി, എംപിമാരായ എംകെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു.ഡിസിസി പ്രസിഡൻ്റുമാരായ അഡ്വ. കെ പ്രവീൺ കുമാർ, അഡ്വ. വിഎസ് ജോയ്, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, നജീബ് കാന്തപുരം, എപി അനിൽ കുമാർ എന്നിവരും സന്ദർശനം നടത്തി. മുല്ലപ്പള്ളി രാമചന്ദ്രൻ, പികെ ഫിറോസ്, എൻ വേണു, ബഷീറലി തങ്ങൾ, ഗോകുലം ഗോപാലൻ, അഡ്വ. കെ ജയന്ത്, എൻ സുബ്രഹ്മണ്യൻ, ടിടി ഇസ്‌മായിൽ, പാറക്കൽ അബ്ദുല്ല, റിജിൽ മാക്കുറ്റി, അഡ്വ. പിഎം നിയാസ് തുടങ്ങിയ നേതാക്കളും ആശുപത്രിയിലെത്തി.