കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രിപറഞ്ഞതായി ശശിതരൂർ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും അവിടെ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വ്യഗ്രതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍.കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തരൂരിന്റെ പോസ്റ്റ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും ചര്‍ച്ചയായെന്നാണ് സൂചന.ഇന്ത്യ വളര്‍ന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ലോകമാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ശശി തരൂര്‍ കുറിച്ചു. മഹാമാരി പോലുള്ള ആഗോള പ്രതിസന്ധികള്‍ അതിജീവിച്ചതിനാലും റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടയിലും മുന്നോട്ട് പോകുന്നതിനാലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധ നേടി.
താന്‍ എപ്പോഴും ഇലക്ഷന്‍ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി താന്‍ വാസ്തവത്തില്‍ ഇമോഷണല്‍ മോഡിലായിരുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞുവെന്നാണ് തരൂരിന്റെ കുറിപ്പില്‍ പറയുന്നത്.പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം കൊളോണിയല്‍ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതിനെ കുറിച്ചായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം, ഭാഷകള്‍, വിജ്ഞാന സംവിധാനങ്ങള്‍ എന്നിവയിലുള്ള അന്തസ്സ് വീണ്ടെടുക്കാന്‍ പത്തുവര്‍ഷക്കാലയളവുള്ള ഒരു ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടി വ്യഗ്രതയോടെയിരിക്കാന്‍ രാജ്യത്തോടുള്ള ഒരു സാംസ്‌കാരിക ആഹ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ആ സദസില്‍ ഉണ്ടാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ കുറിച്ചു.