കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു, ഹൃദയാഘാതം മൂലമുള്ള മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം

ഹൈദരാബാദ്: മറ്റൊരാളുമായുള്ള ബന്ധത്തിന് തടസമാകാതിരിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് തള്ളി ഭാര്യ. കാമുകന്‍റെയും ഇയാളുടെ സുഹൃത്തിന്‍റെയും സഹായത്തോടെയാണ് ഇവര്‍ ഈ കൃത്യം നിര്‍വഹിച്ചത്. പിന്നീട് ഇത് ഹൃദയാഘാതം മൂലമുള്ള മരണായി ചിത്രീകരിക്കാനും ഇവര്‍ ശ്രമിച്ചു.അസ്വഭാവികത തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തു.
തെലങ്കാനയിലെ ഹൈദരാബാദിലുള്ള ഘട്‌കേശറിലെ മെഡിപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഗോവിന്ദ് റെഡ്ഡി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സംഭവം ഇങ്ങനെ,
വി ജെ അശോക് എന്ന നാല്‍പ്പത്തഞ്ചുകാരനാണ് ഭാര്യയുടെ കൊടുക്രൂരതയ്ക്ക് ഇരയായത്. കര്‍ണാടകയിലെ ബെംഗളുരു സ്വദേശികളായ അശോകും പൂര്‍ണിമയും 2011ലാണ് വിവാഹിതരായത്. ഇവര്‍ക്ക് പന്ത്രണ്ട് വയസുള്ള ഒരു മകനുണ്ട്. ബൊഡുപ്പല്‍ ബ്രുന്ദാവന്‍ കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. യാനംപെട്ടയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ ലോജിസ്റ്റിക് മാനേജരായാണ് അശോക് ജോലി ചെയ്‌തിരുന്നത്. പൂര്‍ണിമ സ്വന്തം വീട്ടില്‍ ഒരു പ്ലേസ്‌കൂളും നടത്തിയിരുന്നു. ബോഡുപാലില്‍ മറ്റൊരു സ്ഥലത്ത് നേരത്തെ താമസിച്ച് കൊണ്ടിരിക്കെ പൂര്‍ണിമയ്ക്ക് പലേട്ടി മഹേഷ് എന്ന 22കാരനുമായി ബന്ധമുണ്ടായി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ഒരു നിര്‍മ്മാണ തൊഴിലാളി ആയിരുന്നു ഇയാള്‍. ഇതേ ചൊല്ലി അശോകും ഭാര്യയും തമ്മില്‍ വഴക്ക് പതിവായി. പിന്നീട് ഇവര്‍ അവിടെ നിന്ന് താമസം മാറുകയും ചെയ്‌തു.എന്നാല്‍ പൂര്‍ണിമയും മഹേഷുമായുള്ള ബന്ധം തുടര്‍ന്നു. ഇതോടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായി. തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊല്ലാന്‍ പൂര്‍ണിമ തീരുമാനിച്ചത്. ഇതിന് മഹേഷിന്‍റെ സഹായവും തേടി. ഇയാള്‍ സുഹൃത്തായ ഭുവനഗിരി ജില്ലയിലെ യാദാദ്രി സ്വദേശി ഭുക്യ സായ് കുമാര്‍ എന്നയാളിനെയും ഒപ്പം കൂട്ടി.
ഈ മാസം പതിനൊന്നിന് വൈകിട്ട് കോളജില്‍ നിന്ന് തിരിച്ച് വന്ന അശോകിനെ മഹേഷും സായ്‌കുമാറും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. പിന്നീട് ഇയാളെ ദുപ്പട്ടയുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നുറപ്പായ ശേഷം സായിയും മഹേഷും സ്ഥലം വിട്ടു.
കേസില്‍ പെടാതിരിക്കാന്‍ പൂര്‍ണിമ പൊലീസിനോട് ഒരു കെട്ടുകഥ പറഞ്ഞു. വൈകിട്ട് ആറ്മണിക്ക് വീട്ടിലെത്തിയ ഭര്‍ത്താവ് വിശ്രമിക്കണമെന്ന് പറഞ്ഞു. താന്‍ പ്ലേസ്‌കൂളിലെ ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെയാണ് എത്തിയത്. അത്താഴം കഴിക്കാനായി പിതാവിനെ വിളിക്കാന്‍ താന്‍ മകനെ പറഞ്ഞ് വിട്ടു. അപ്പോള്‍ അച്‌ഛന്‍ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി അവന്‍ തന്നെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മല്‍ക്കാജ്‌ഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അശോകിനെ എത്തിച്ചു. അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. മരണത്തില്‍ സംശയമില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഇതേ കഥ തന്നെ ബന്ധുക്കളോടും ആവര്‍ത്തിച്ചു.
എന്നാല്‍ മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടതോടെ പൊലീസ് കേസെടുത്തു. പൂര്‍ണിമയുടെ പെരുമാറ്റത്തിലും പൊലീസിന് സംശയം തോന്നി അവര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അശോക് മരിച്ച ദിവസം മഹേഷും സായി കുമാറും വീട്ടിനുള്ളില്‍ പ്രവേശിക്കുന്നത് സിസിടിവിയില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. അതോടെ സത്യം പുറത്ത് വരികയായിരുന്നു. മൂവരെയും ജൂഡിഷ്യല്‍ റിമാന്‍ഡില്‍ വിട്ടതായി ഇന്‍സ്‌പെക്‌ടര്‍ ഗോവിന്ദ രാജ് അറിയിച്ചു.