പയ്യന്നൂരിലെത്തി കുഞ്ഞികൃഷ്‌ണനെ കണ്ട് ഷിബു ബേബി ജോൺ: രാഷ്ട്രീയ സന്ദർശനമല്ലെന്ന് വിശദീകരണം

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ സന്ദർശിച്ച് യുഡിഎഫിലെ ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. കഴിഞ്ഞദിവസം കാസർകോട് തുടങ്ങിയ വി ഡി സതീശന്‍ നയിക്കുന്ന നവയുഗ യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് ഗൃഹ സന്ദർശനം.
സിപിഎമ്മിൽ നിന്ന് ആർഎസ്‌പിയിൽ ചേർന്ന അഡ്വ. ബി ഹസ്‌കറിനൊപ്പമാണ് ഷിബുബേബിജോൺ കുഞ്ഞികൃഷ്ണനെ കണ്ടത്.പത്ത് മിനിറ്റോളം നീണ്ട അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഷിബു ബേബി ജോൺ, ഇതൊരു രാഷ്ട്രീയ സന്ദർശനമല്ലെന്ന് പറയുമ്പോഴും രാഷ്ട്രീയ സൂചനകൾ വ്യക്തമായിരുന്നു. നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകം വാങ്ങണമെന്ന ആഗ്രഹത്തിൻ്റെ പശ്ചാത്തലത്തിലാണ് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അദ്ദേഹം മുന്നോട്ടു വെച്ച കാര്യങ്ങൾ ആർഎസ്പി എന്ന രാഷ്ട്രീയ പാർട്ടി നേരത്തെ മുന്നോട്ടുവച്ച കാര്യങ്ങളാണ്. തീവ്രമായ വലതുപക്ഷ വ്യതിയാനമാണ് ഇപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായി കൊണ്ടിരിക്കുന്നത്. ബംഗാളിൽ നഷ്ടപ്പെട്ട പോലെ കമ്മ്യൂണിസ്റ്റ് ആശയം കേരളത്തിൽ തന്നെ അപ്രത്യക്ഷമാകരുത്. ഈ ഭയമാണ് യഥാർഥത്തിൽ കുഞ്ഞികൃഷ്ണൻ പങ്കുവച്ചത്.ഇന്നത്തെ പല സിപിഎം നേതാക്കൾക്കും ബിജെപിയിലേക്ക് പോകാൻ ഒരു മടിയുമില്ലാത്ത മനോഭാവത്തിലേക്ക് മാറുന്നു. ഇതു തന്നെയാണ് ബംഗാളിലും സംഭവിച്ചത്. ഇത് മാറണം. കുഞ്ഞികൃഷ്ണനെ പോലുള്ളവരെ കോർത്തിണക്കാനുള്ള ശ്രമം തുടരുമെന്നും ആദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും ഇല്ലെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പറഞ്ഞതാണെന്നും ഷിബു ബേബി ജോൺ വ്യക്‌തമാക്കി.
അതേസമയം രാഷ്ട്രീയ എതിരാളികൾ ഈ സന്ദർശനം തനിക്കെതിരെ ആയുധമാക്കുമെന്ന് അറിയാമെന്ന് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. ഒരു രാഷ്ട്രീയപാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത് ഒരു രാഷ്ട്രീയ സന്ദർശനമല്ല. ഞാൻ ഉന്നയിക്കുന്ന വിഷയങ്ങൾക്കുള്ള പിന്തുണയാണ് ഷിബുബേബി ജോൺ നൽകിയത്. എനിക്കുള്ള പിന്തുണയല്ല, ഇപ്പോൾ ഒരു ചിന്തയും മനസ്സിൽ ഇല്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും ആദ്ദേഹം വ്യക്തമാക്കി.