ദീപക്കിൻ്റെ ആത്മഹത്യ: വാദം പൂർത്തിയായി. ഷിംജിതയുടെ ജാമ്യ അപേക്ഷയിലുള്ളവിധി 27ന്

ദീപക്കിൻ്റെ ആത്മഹത്യ:  വാദം പൂർത്തിയായി. ഷിംജിതയുടെ ജാമ്യ അപേക്ഷയിലുള്ളവിധി 27ന്

കോഴിക്കോട്: ഗോവിന്ദപുരം വളയനാട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വടകര സ്വദേശിനി ഷിംജിതയുടെ ജാമ്യ അപേക്ഷയിലുള്ള വാദം പൂർത്തിയായി. ജനുവരി 27ന് ഇത് സംബന്ധിച്ച വിധി പറയും. ഇന്ന് ഉച്ചക്ക് ശേഷം കുന്ദമംഗലം കോടതിയിൽ നടന്ന ജാമ്യ ഹർജിയിലുള്ള വാദം പൂർത്തിയായതോടെയാണ് വിധി പറയാൻ മാറ്റിവെച്ചത്.ഷിംജിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജുനൈദ് കേസ് കെട്ടിച്ചമച്ചതാണെന്നും ഷിംജിതയുടെ ആരോപണം ശരിയാണെന്നും കോടതിക്കു മുമ്പാകെ വാദിച്ചു. എന്നാൽ പ്രോസിക്യൂഷനായ അഡ്വക്കേറ്റ് സീനിയര്‍ ,ദീപക്കിൻ്റെ മാതാവിൻ്റെ അഭിഭാഷകനായ രാജഗോപാൽ എന്നിവർ ഈ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി.

ഷിംജിതയുടെ വീഡിയോ സമൂഹത്തിൽ വലിയ തോതിൽ ദീപക്കിന് മാനാഹാനി ഉണ്ടാക്കുന്ന വിധത്തിലായിരുന്നെന്നും ഇതാണ് ദീപക്കിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നും അഭിഭാഷകർ കോടതിക്ക് മുമ്പാകെ ശക്തമായ രീതിയിൽ വാദിച്ചു. നിലവിൽ റിമാൻഡിലായ ഷിംജിത മഞ്ചേരി വനിതാ ജയിലിലാണുള്ളത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വടകരയിലെ ലീ​ഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അം​ഗവുമായ ഷിംജിതക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിലായിരുന്നു. പിന്നീട് വടകരയിലെ ബന്ധു വീട്ടിൽനിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

ഷിംജിതക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന വകുപ്പുകൾ 

ആത്മഹത്യാ പ്രേരണാക്കുറ്റം: ദീപക്കിൻ്റെ മരണത്തിന് നേരിട്ട് കാരണമായത് ഷിംജിത പങ്കുവെച്ച വീഡിയോയും അതിനെത്തുടർന്നുണ്ടായ സൈബർ ആക്രമണവുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ വകുപ്പ് ചുമത്തിയത്.

സൈബർ കുറ്റകൃത്യങ്ങൾ: ഒരാളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കുകയും അത് ദുരുദ്ദേശ്യത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.

അപകീർത്തിപ്പെടുത്തൽ: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിനും കേസ് നിലവിലുണ്ട്.

അതേസമയം, വൈറൽ ആകാൻ വേണ്ടി മറ്റുള്ളവരുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് ഈ സംഭവത്തിന് പിന്നാലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.