എൽ.പി.ജിയുമായി രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി തുറമുഖ ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കം സുരക്ഷിതമായി തുടരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. 90,000 മെട്രിക് ടണ്ണിലധികം എൽ.പി.ജിയുമായി രണ്ട് വമ്പൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടതായി തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു.
'പൈൻ ഗ്യാസ്', 'ജഗ് വസന്ത്' എന്നീ കപ്പലുകളാണ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നത്. പൈൻ ഗ്യാസ് മാർച്ച് 27-ന് മംഗളൂരു തുറമുഖത്തും ജഗ് വസന്ത് മാർച്ച് 26-ന് കണ്ട്‌ല തുറമുഖത്തും അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 2.3 ലക്ഷം ടൺ എൽ.പി.ജിയുമായി മറ്റ് അഞ്ച് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുന്നുണ്ട്.അന്താരാഷ്ട്ര നിയമപ്രകാരം കപ്പൽ ഗതാഗതം തടസ്സമില്ലാത്ത മേഖലയായതിനാൽ ഇന്ത്യ പ്രത്യേക ട്രാൻസിറ്റ് ചാർജുകളൊന്നും നൽകുന്നില്ലെന്നും രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. നിലവിൽ 540 നാവികരുമായി 20 ഇന്ത്യൻ കപ്പലുകൾ ഈ മേഖലയിലുണ്ട്. ഇവരുടെ സുരക്ഷാ കാര്യങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും വിദേശകാര്യ മന്ത്രാലയവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും ഈ ഇടുങ്ങിയ കടൽപ്പാത വഴിയാണ് നടക്കുന്നത് എന്നതിനാൽ ഇതിന് വലിയ പ്രാധാന്യമാണുള്ളത്. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാരിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണം. പെട്രോൾ, ഡീസൽ എന്നിവയുടെ സ്റ്റോക്ക് രാജ്യത്ത് ആവശ്യത്തിനുണ്ട്. എല്ലാ റിഫൈനറികളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജോയിന്‍റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. പൂഴ്ത്തിവെപ്പും കള്ളക്കടത്തും തടയാൻ രാജ്യവ്യാപകമായി 3,400-ഓളം റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ഇതിനോടകം 640 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 155 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഘർഷ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ ഇതുവരെ ഏകദേശം 4 ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. യു.എ.ഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് വിമാന സർവീസുകൾ തുടരുന്നുണ്ട്. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ വേഗത്തിലാക്കാനും വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം 50 ശതമാനം വർദ്ധിപ്പിക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിൽ എസ്. ജയശങ്കർ ഉൾപ്പെടെയുള്ളവർ ഗൾഫ് രാജ്യങ്ങളുമായി നിരന്തരം ചർച്ചകൾ നടത്തി വരികയാണെന്നും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും സർക്കാർ അറിയിച്ചു.