എഐ ഉച്ചകോടിയില്‍ ഷര്‍ട്ട് ഊരി പ്രതിഷേധ പ്രകടനം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വിടാൻ നിർദ്ദേശിച്ച് കോടതി

എഐ ഉച്ചകോടിയില്‍ ഷര്‍ട്ട് ഊരി പ്രതിഷേധ പ്രകടനം :  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വിടാൻ നിർദ്ദേശിച്ച് കോടതി

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ ഇംപാക്‌ട് ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി) പ്രവർത്തകരെ കസ്റ്റഡിയിൽ വിടാൻ നിർദ്ദേശിച്ച് കോടതി. പ്രതിഷേധ പ്രകടനം നടത്തിയ നാലുപേരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടാനാണ് കോടതി അനുമതി നൽകിയത്. പ്രതിഷേധ പ്രകടനം നടത്തിയതിൽ ആദ്യം 10 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും അവരിൽ നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്‌ത് കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്.ബിഹാർ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്‌ണ ഹരി, ബിഹാർ ഐവൈസി സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, ഉത്തർപ്രദേശ് ഐവൈസി സംസ്ഥാന പ്രസിഡൻ്റ് അജയ് കുമാർ, തെലങ്കാനയിൽ നിന്നുള്ള നരസിംഹ യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രവിയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ ആദ്യം അദ്ദേഹം ഉത്തരവ് മാറ്റിവച്ചു. പിന്നീട് പൊലീസ് കസ്റ്റഡിയിൽ വിടാൻ അനുമതി നൽകുകയായിരുന്നു.

പ്രതികൾ നേപ്പാളിൽ നടന്ന പ്രതിഷേധത്തിന് സമാനമായ പ്രതിഷേധ പ്രകടനമാണ് നടത്തിയതെന്നും "രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്തുക"യായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപകരമായ ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ ധരിച്ചിരുന്നതായും ഡൽഹി പൊലീസ് കോടതിയിൽ പറഞ്ഞു.എന്നാൽ പ്രതിഷേധം നടത്തിയവർ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണെന്നും ഭാരത് മണ്ഡപത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം ഇവർക്കുണ്ടെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ദേശവിരുദ്ധ പ്രസംഗം നടത്തിയതിനും തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. വാദങ്ങൾ പൂർത്തിയായ ശേഷം, നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്, നിരവധി ഇന്ത്യൻ യൂത്ത് കോൺഗ്രസ് അംഗങ്ങൾ എഐ ഇംപാക്റ്റ് സമ്മിറ്റ് എക്‌ബിഷൻ ഹാളിൽ 'ഷർട്ടിടാതെ' പ്രതിഷേധ പ്രകടനം നടത്തിയിരുന്നു, സർക്കാരിനും ഇന്ത്യ-യുഎസ് വ്യാപാര കരാറിനുമെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ പിടിച്ച് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു. തുടർന്ന് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെ നിന്ന് മറ്റി.രാജ്യത്തെ കച്ചവടത്തിന് വേണ്ടി വിട്ട് നൽകിയ നാടിൻ്റെ ആവശ്യങ്ങൾ വിട്ടുവീഴ്‌ച ചെയ്‌ത പ്രധാനമന്ത്രിക്കെതിരെ തങ്ങളുടെ പ്രവർത്തകർ പ്രതിഷേധിക്കുകയാണെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസ്‌താവനയിൽ പറഞ്ഞു. ,"പ്രധാനമന്ത്രിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശബ്‌ദമുയർത്തി പ്രതിഷേധിച്ചു," ഐവൈസി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.