"ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ഷാഫി പറമ്പിലിന് വീഡിയോ കോള്‍ ചെയ്‌തു", ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ

"ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ഷാഫി പറമ്പിലിന് വീഡിയോ കോള്‍ ചെയ്‌തു",  ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ

പാലക്കാട്: വിവാദങ്ങള്‍ക്കിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ അവർ പോളിംഗ് ബൂത്തിലെത്തി തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി നിയസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 73-ൽ 623-ാം നമ്പർ ബൂത്തിലാണ്  അവർ വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശോഭ ഗുരുതര ആരോപണം ഉന്നയിച്ചു. 2400 കോടി രൂപയുടെ വികസന പദ്ധതികള്‍ ലക്ഷ്യമിട്ട് പാലക്കാട്ട് എൻഡിഎ സ്ഥാനാര്‍ഥിയായി നിന്നയാളാണ് താനെന്നും തോൽവി ഭയന്ന കോൺഗ്രസ് മനപ്പൂർവം കെട്ടിച്ചമച്ച കഥയാണിതെന്നും ചില മാധ്യമപ്രവർത്തകർ ഇതിന് കൂട്ടുനിന്നതായും ശോഭ ആരോപിച്ചു.

പ്രശോഭ് എന്ന് പറയുന്ന സ്‌ത്രീ ലമ്പടനായ കാമഭ്രാന്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ 22 വയസ് മാത്രമുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതും ഷാഫി പറമ്പിലിനെ വീഡിയോ കോള്‍ ചെയ്‌തെന്നുമുള്ള ഒരു വോയ്‌സ് റെക്കോര്‍ഡ് ഇന്നലെ പുറത്തുവന്നു. വീഡിയോ കോള്‍ ചെയ്‌ത് പ്രശോഭ് ഷാഫി പറമ്പിലിന് കാണിച്ചു കൊടുത്തുവെന്നത് ദളിത് പെണ്‍കുട്ടി ആരോപിക്കുന്നുണ്ടെന്നും എന്ത് കൊണ്ട് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയില്ലെന്നും ശോഭ ചോദിച്ചു. തൻ്റെ കൈയ്യില്‍ ഇതിൻ്റെ വോയ്‌സ് റെക്കോര്‍ഡ് ഉണ്ടെന്നും ഇന്നലെയാണ് ഇത് പുറത്തുവന്നതെന്നും ശോഭ പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെ ഒരു പെണ്‍കുട്ടി ഗുരുതരമായ മൊഴി നല്‍കി. അത് എന്തേ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാത്തതെന്നും ജമാഅത്തെ ഇസ്ലാമി പിന്തുണയുള്ള ഒരു മാധ്യമമാണ് തന്നെ കുടുക്കിയതെന്നും അവര്‍ പ്രതികരിച്ചു. എന്നും എന്നെ വേട്ടയാടലാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ഒരു മണിക്കൂറിലേറെയായി ചിലർ തൻ്റെ വാഹനത്തെ പിന്തുടരുകയും അശ്ലീല ചേഷ്‌ടകൾ കാണിക്കുകയും ചെയ്‌തുവെന്ന് ശോഭ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്‌തപ്പോഴുള്ള ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്‌ത് പ്രചരിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.

നിശബ്‌ദ പ്രചാരണ ദിനത്തിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു കണ്ണാടി മേഖലയിൽ ഉയർന്ന വോട്ടിന് പണം വിതരണ ആരോപണം. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നേരിട്ടെത്തി വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. തരുവക്കുറിശ്ശിയിലെ ഒരു വയോധികയുടെ വീട്ടിൽ ശോഭാ സുരേന്ദ്രൻ സന്ദർശനം നടത്തിയപ്പോഴാണ് പണം കൈമാറിയതെന്നാണ് പ്രധാന ആരോപണം.