സംസ്‌ഥാന സ്‌കൂൾ കലോത്സവം : സദസിനെ കണ്ണീരിലാഴ്‌ത്തിയ കവിതയുമായി സിയ മെഹ്റിന്‍

തൃശൂര്‍: ഉപ്പയെ കുറിച്ച് ഉർദുവിൽ കവിതചൊല്ലി സദസിനെ കരയിപ്പിച്ച് കോഴിക്കോടു നിന്നുമെത്തിയ ഫിസ മെഹ്റിൻ. ഭാഷയുടെ അതിർ വരമ്പുകൾക്ക് അപ്പുറത്ത് മനുഷ്യ വികാരത്തെ പ്രതിഫലിപ്പിക്കാനുള്ള സാഹിത്യത്തിൻ്റെ കഴിവ് കൂടിയായിരുന്നു ഫിസയുടെ കവിത. കവിതയിലെ വരികളും ആലാപനത്തിൻ്റെ സൗന്ദര്യവുമാണ് കലോത്സവ വേദിയില്‍ ഉർദു കവിതാപാരായണത്തെ ശ്രദ്ധേയമാക്കിയത്.ഉപ്പയുടെ കൈപിടിച്ച് ആദ്യമായി സ്‌കൂളിൽ പോകുന്നതിൻ്റെ സൗന്ദര്യവും മക്കൾക്ക് വേണ്ടി എല്ലാം സമർപ്പിച്ച് മെഴുക് തിരിപോലെ ഉരുകി ജീവിച്ച് തീരുന്ന മനുഷ്യൻ്റെ വിശേഷണവുമായിരുന്നു കവിത. ഫിസയുടെ 'ഉപ്പ' എന്ന കവിത കലോത്സ വേദിയെ ഒന്നടങ്കം ദുംഖത്തിലാഴ്‌ത്തി. സ്വയം ജീവിക്കാൻ മറന്ന് വ്യക്തിപരമായ താല്‌പര്യങ്ങളെല്ലാം ത്യജിച്ച് കാലയവനികക്കുള്ളിൽ അകപ്പെട്ട ഉപ്പമാരുടെ ജീവിതത്തെ തീക്ഷണമായി അവതരിപ്പിച്ച 'ബാപ്പ്' എന്ന കവിതയാണ് ഫിസ മനോഹരമായി കലോത്സവ വേദിയിൽ അവതരിപ്പിച്ചത്.ഭാഷയറിയില്ലങ്കിലും കവിതയുടെയും അവതരണത്തിൻ്റെയും ഭംഗിയാണ് മനസിനെ സ്വാധീനിച്ചെതെന്നായിരുന്നു കാണികളുടെ പ്രതികരണം. സംസ്ഥാന കലോത്സവത്തിൽ ശക്തമായ മത്സരം നേരിട്ടാണ് മകൾ ഒപ്പനയിലും ഉർദു കവിതാ പാരായണത്തിലും എ ഗ്രേഡ് നേടിയതെന്ന് അധ്യാപകനും ട്രെയ്‌നറുമായ ഫിസയുടെ പിതാവ് ഫൈസൽ പുല്ലാളൂർ പറഞ്ഞു. കലോത്സവത്തിലെ അനോരാഗ്യകരമായ ഇടപെടലുകൾക്ക് അവസരം നൽകാതെയുള്ള മികച്ച സംഘാടനമാണ് കലോത്സവത്തിൽ പ്രകടമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു."മക്കളുടെ സന്തോഷമാണ് ഉപ്പയുടെ ജീവിതമെന്ന് പറയുന്നത്. മക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് ഉപ്പമാരും ഉമ്മമാരും ജീവിതം കാലം മുഴുവന്‍ ചെലവഴിക്കുന്നത്. ഇതിനെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് മെഴുകുതിരി പോലെ ഉരുകി തീര്‍ന്ന ഉപ്പമാരുടെ ജീവിതം എന്ന ഇതിവൃത്തത്തെ അടിസ്ഥമാനമാക്കിയുള്ള പദ്യപാരായണം മകള്‍ ചൊല്ലുന്നത്. ഒപ്പനയിലും എ ഗ്രേഡ് നേടിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കണമെന്നാണ് എൻ്റെ ആഗ്രഹം. മറ്റുള്ളവരോട് എനിക്കുള്ള ഏക അഭ്യര്‍ഥനയും ഇത് തന്നെയാണ്" ഫിസയുടെ പിതാവ് ഫൈസൽ പുല്ലാളൂർ പറഞ്ഞു.
ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ പങ്കെടുത്ത മടവൂർ ചക്കാലക്കൽ എച്ച്എസ് എട്ടാം തരം വിദ്യാർഥിയാണ് ഫിസ മെഹ്‌റിന്‍ എന്ന കൊച്ചുമിടുക്കി. ഒപ്പനയിലും ഉർദു കവിതാ പാരായണത്തിലും എ ഗ്രേഡ് നേടിയാണ് കൊച്ചു മിടുക്കി താരമായത്. ആറാം ക്ലാസ് മുതൽ തുടങ്ങി ഉറുദു കവിതയോടുള്ള താല്‌പര്യം. സംസ്ഥാന കലോത്സവത്തിലെ എ ഗ്രേഡ് നേട്ടത്തിലെത്തിയതിൻ്റെ സന്തോഷത്തിലാണ് ഫിസയും കുടുംബവും.
പി.എം.ഗവണ്‍മെൻ്റ് എൻ ജി ഒ ക്വാർട്ടേഴ്‌സ് ഹയർ സെക്കൻ്റ്റി സ്‌കൂള്‍ അധ്യാപകനും ട്രെയ്‌നറുമായ ഫൈസൽ പുല്ലാളൂരി ൻ്റെയും പി.കെ ഹസീനയുടെയും രണ്ടാമത്തെ മകളാണ് ഫിസ മെഹ്റിൻ. ഫിസയുടെ കലോത്സവത്തിലെ പ്രകടനം നേരിട്ട് കാണാൻ കൊച്ചനുജത്തിമാരായ ആമിന ഹൈസ, ഫില നെസൽ എന്നിവരും കലോത്സവ വേദിയിലെത്തിയിരുന്നു. ഇത്താത്തയ്ക്ക് രണ്ടിനത്തിലും എഗ്രേഡ് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഈ കുരുന്നുകളും തൃശൂരിൽ നിന്നും മടങ്ങിയത്.