"ബെലഗാവി കർണാടകയുടെ അവിഭാജ്യ ഘടകം : മഹാരാഷ്ട്രയിൽ ലയിക്കാൻ ഒരിക്കലും അനുവദിക്കില്ല " സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരു: ബെലഗാവി കർണാടകയുടെ അവിഭാജ്യ ഘടകമാണെന്നും മഹാരാഷ്ട്രയിൽ ലയിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ .
"ബെലഗാവി കർണാടകയുടെ ഭാഗമാണ്, അത് ഇനിയും തുടരും. മഹാജൻ കമ്മിഷൻ റിപ്പോർട്ട് അന്തിമമാണ്. ബെലഗാവി കന്നഡ ദേശമാണ്. അത് ആർക്കും മാറ്റാൻ കഴിയില്ല. കന്നഡ ഐഡൻ്റിറ്റി സംരക്ഷിക്കപ്പെടണം. കന്നഡ ഭാഷ, സംസ്‌കാരം, പൈതൃകം എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. കന്നഡ സ്വത്വത്തെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി കൂട്ടായ പ്രതിജ്ഞയെടുക്കണം." സിദ്ധരാമയ്യ പറഞ്ഞു.
കന്നഡ മണ്ണിൽ കന്നഡ മാത്രം സംസാരിക്കണമെന്ന് പ്രതിജ്ഞയെടുക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. കന്നഡ ആക്‌ടിവിസ്റ്റുകള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കുമെന്നും സംസ്‌കാരം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരു ബാങ്ക് സർക്കിളിലെ നൃപതുംഗ മണ്ഡപത്തിൽ ഭുവനേശ്വരിയുടെയും അന്നമ്മദേവിയുടെയും ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിക്കവേയാണ് സിദ്ധരാമയ്യ പ്രാദേശിക വികാരത്തെ ശക്തമായി ഉണർത്തിക്കൊണ്ട് സംസാരിച്ചത്.
"നമ്മളെല്ലാവരും നമ്മുടെ ഭൂമി, ജലം, ഭാഷ, സംസ്‌കാരം എന്നിവയെക്കുറിച്ച് അഭിമാനം വളർത്തണം. മറ്റുള്ളവർ ഏത് ഭാഷ സംസാരിച്ചാലും, നിങ്ങൾ കന്നഡയിൽ പ്രതികരിക്കണം. കന്നഡ മണ്ണിൽ കന്നഡ സംസാരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. കർണാടകയിൽ താമസിക്കുന്ന ഏതൊരാളും പ്രാദേശിക ഭാഷാ അന്തരീക്ഷത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം" - സിദ്ധരാമയ്യ പറഞ്ഞു.കന്നഡ സംസ്‌കാരം സംരക്ഷിക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ പ്രതിജ്ഞാബദ്ധനാണ്. കന്നഡ വിരുദ്ധർക്കെതിരെ നമ്മൾ എതിർപ്പ് ഉയർത്തണം. ഹിന്ദി അടിച്ചേൽപ്പിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ട്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.കൂടാതെ അന്തരിച്ച മുൻ മുഖ്യമന്ത്രി ദേവരാജ് ഉർസിന് മരണാനന്തര ബഹുമതിയായി ഓണററി ഡോക്‌ടറേറ്റ് നൽകുമെന്നുംഅദ്ദേഹം പറഞ്ഞു.ആക്‌ടിവിസ്റ്റുകൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും ഇതോടൊപ്പം വാഗ്‌ദാനം ചെയ്യുകയാണ്. കന്നഡ ഭാഷയ്ക്കും സ്വത്വത്തിനും വേണ്ടിയുള്ള ഉറച്ച പോരാട്ടത്തിന് കന്നഡ ആക്‌ടിവിസ്റ്റ് വാട്ടൽ നാഗരാജിനെ പിന്തുണയ്‌ക്കുന്നുവെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.