കർണാടകയിലെ അധികാര തർക്കം ഇല്ലാതാകുമോ? സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിനെ പ്രഭാതഭക്ഷണത്തിനിടെ ഉഭയകക്ഷി ചർച്ചകൾക്ക് ക്ഷണിച്ചു

ബംഗളുരു :കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം രൂക്ഷമായതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചർച്ചയ്ക്കായി പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ന് ഇരുവരുംതമ്മിലുള്ള കൂടിക്കാഴ്ച നടക്കും.ഇന്നലെ ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാൻഡ് എന്നെയും ഡി.കെ. ശിവകുമാറെയും വിളിച്ച് കൂടിക്കാഴ്ച നടത്താൻ ആവശ്യപ്പെട്ടിരുന്നു. അതിനാൽ, പ്രഭാതഭക്ഷണത്തിനായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. പ്രഭാത ഭക്ഷണസമയത്ത് കാര്യങ്ങള്‍ ഞങ്ങൾ ചർച്ച ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങളും പ്രശ്നങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇരുവരും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു.
തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ട് സിദ്ധരാമയ്യക്ക് മുഴുവൻ ടേമും ലഭിച്ചില്ലെങ്കിൽ പോലും ആദ്യ പകുതി നൽകാനും ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനിക്കുകയായിരുന്നുവെന്നും, രണ്ടര വർഷത്തിനുശേഷം അധികാരം കൈമാറാൻ ഒരു ധാരണയുണ്ടായിരുന്നുവെന്നും ഡി.കെ.എസ് പക്ഷം വാദിക്കുന്നു. എന്നാൽ, ഈ ധാരണയുടെ കാലാവധി കഴിഞ്ഞിട്ടും സിദ്ധരാമയ്യ സ്ഥാനമൊഴിയാൻ തയാറാകാത്തതാണ് ഇപ്പോഴത്തെ തർക്കത്തിന് ആധാരം.
എന്നാൽ, നേതൃതർക്കത്തിൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് സിദ്ധരാമയ്യ ആവർത്തിച്ചു. "എന്‍റെ നിലപാടിൽ മാറ്റമില്ല, ഹൈക്കമാൻഡ് എന്ത് പറയുന്നുവോ അത് അനുസരിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഹൈക്കമാൻഡിന്‍റെ നിർദ്ദേശങ്ങൾ അനുസരിക്കുമെന്ന് ഞങ്ങൾ രണ്ടുപേരും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഹൈക്കമാൻഡ് വിളിക്കുകയാണെങ്കിൽ താൻ ഡൽഹിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 8-ന് തുടങ്ങുന്നതിന് മുമ്പ് ഇരുവർക്കുമിടയിലെ തർക്കം പരിഹരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ച തർക്കം പരിഹരിക്കുന്നതിലേക്കുള്ള ആദ്യ പടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ ഡി.കെ. ശിവകുമാര്‍ 'സോണിയാ ഗാന്ധി അധികാരം ത്യജിച്ചു' എന്ന വിഷയം ഓര്‍മിപ്പിച്ച് രംഗത്തെത്തി. ബംഗളൂരുവിൽ നടന്ന ഒരു പരിപാടിക്കിടെ, 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പി.എ. വിജയിച്ചപ്പോൾ പ്രധാനമന്ത്രിയാകാനുള്ള അവസരം സോണിയാ ഗാന്ധി വേണ്ടെന്ന് വെച്ച് മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയ സംഭവമാണ് ശിവകുമാര്‍ മുന്നോട്ടു വച്ചത്.
സോണിയാ ഗാന്ധി 20 വർഷം കോൺഗ്രസ് അധ്യക്ഷയായിരുന്നു. അവർ അധികാരം ത്യജിക്കുകയും ചെയ്തു, അന്നത്തെ രാഷ്ട്രപതി അബ്ദുൾ കലാം അവരെ അടുത്ത പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചെങ്കിലും അവർ വിസമ്മതിക്കുകയും രാജ്യത്തെ വികസിപ്പിക്കാൻ കഴിവുള്ള മൻമോഹൻ സിങ്ങിനെ നിർദേശിക്കുകയും ചെയ്തെന്നും ശിവകുമാര്‍ പറഞ്ഞു.