SIR - ടിവികെ പ്രക്ഷോഭത്തിലേക്ക്; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്‌ഐആർ)ത്തിനെതിരെ നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രക്ഷോഭത്തിലേക്ക്. ഇന്ന് (നവംബർ 16) സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനങ്ങൾ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.
രാവിലെ 11 മണിക്കാണ് ടിവികെയുടെ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിമാർക്കും പ്രാദേശിക നേതാക്കള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. പ്രധാന ജില്ലകളിലെ പ്രകടനങ്ങൾക്ക് സംസ്ഥാനതല ഭാരവാഹികൾ നേതൃത്വം നൽകുമെന്നാണ് വിവരം. അതേസമയം സോണൽ, യൂണിയൻ തല ഭാരവാഹികൾ പ്രാദേശിക പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ നടത്തുന്ന എസ്‌ഐആർ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിലും സുതാര്യതയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ടിവികെ ആരോപിക്കുന്നത്. വീടുതോറും നടത്തുന്ന പരിശോധാ പ്രക്രിയയിലെ പിഴവുകള്‍ കാരണം യോഗ്യരായ വോട്ടർമാരിൽ വലിയൊരു വിഭാഗത്തിന് പ്രശ്‌നം നേരിടുമെന്നും ടിവികെ നേതൃത്വം പറയുന്നു.'ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുന്നതിനാണ് ഈ പ്രക്ഷോഭം. എല്ലാ ജില്ലാ യൂണിറ്റുകളോടും പൊതുജനങ്ങളുമായി ഇടപഴകാനും അവബോധ ലഘുലേഖകൾ വിതരണം ചെയ്യാനും എസ്‌ഐആർ സാധാരണ വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്' -മുതിർന്ന ടിവികെ നേതാവ് പ്രതികരിച്ചു.
ബൂത്ത് ലെവൽ ഓഫിസർമാരെ (BLO) കുറിച്ചുള്ള പരാതികൾ, ഡ്രാഫ്റ്റ് റോളുകളിലെ അപാകതകൾ, പേരുകൾ നഷ്‌ടപ്പെട്ടതായി ആരോപിക്കപ്പെടുന്നവ എന്നിവയുൾപ്പെടെ നിലവിലുള്ള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രാദേശിക പരാതികൾ രേഖപ്പെടുത്താൻ പാർട്ടി ജില്ലാ ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നാലെ ലഭിച്ച പരാതികള്‍ പരിശോധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് മുമ്പാകെ സമർപ്പിക്കുമെന്നും പാർട്ടി വൃത്തം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ടിവികെ പ്രസിഡന്‍റ് വിജയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ പാർട്ടിയുടെ രാഷ്‌ട്രീയ ഇടപെടല്‍ വർധിപ്പിക്കുന്നു എന്ന് കാണിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. കരൂർ ദുരന്തം ടിവികെയ്‌ക്ക് ചെറിയ തോതിലെങ്കിലും മങ്ങലേല്‍പ്പിച്ച സാഹചര്യത്തില്‍ പാർട്ടിയും വിജയും കൂടുതല്‍ പ്രവർത്തിക്കേണ്ടി ഇരിക്കുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ വിജയുടെ രാഷ്‌ട്രീയ നീക്കമായും പ്രക്ഷോഭത്തെ കാണുന്നു.