എസ്ഐആർ ചര്‍ച്ച ചെയ്യണം; പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നും പ്രക്ഷുബ്‌ധം

ന്യൂഡൽഹി: പാർലമെൻ്റിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്ഐആർ) ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം. എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിഷേധം കനക്കുന്നത്.വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയാണ് ചോദ്യത്തര വേളയ്‌ക്കിടെ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങിയത്. ഇതിനെ തുടർന്ന് ഇന്നും സഭാ നടപടികള്‍ പല തവണ തടസപ്പെട്ടു.
ഇന്ത്യ സഖ്യത്തിലെ എംപിമാർ പാർലമെൻ്റിൻ്റെ പുറത്ത് മകർ ദ്വാറിന് സമീപവും പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് സോണിയ ഗാന്ധിയും അടക്കം പ്രതിഷേധത്തിൽ പങ്കുചേർന്നു.ശീതകാല സമ്മേളനത്തിലെ ആദ്യ ദിവസമായ തിങ്കളാഴ്‌ച 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്ന എസ്‌ഐആർ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഇന്നലെ സഭ നിർത്തിവയ്‌ക്കുക ആയിരുന്നു.
"എസ്‌ഐആറിനെക്കുറിച്ചും തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചയ്ക്ക് ഊന്നൽ നൽകണമെന്ന് ഇന്ത്യാ സഖ്യം ഇന്നലെ രാവിലെ തീരുമാനിച്ചു. ഇന്ന് രാവിലെ 10:30 ന് മകർ ദ്വാറിന് മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തുക ആയിരുന്നു" കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു.
പൗരന്മാരുടെ വോട്ടവകാശം ഹനിക്കുന്ന വിഷയം ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം ആഗ്രഹിച്ചിരുന്നുവെന്ന് ടാഗോര്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രമേയം നൽകിയിരുന്നു, അവ അംഗീകരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ വിഷയത്തിൽ ഒരു ചർച്ച ഞങ്ങൾ ആഗ്രഹിക്കുന്നു.വോട്ടവകാശം അപകടത്തിലാക്കുന്ന ഈ നിർണായക പ്രശ്‌നത്തിൽ നിന്ന് സർക്കാർ ഒളിച്ചോടരുത്. ബിഹാറിൽ 62 ലക്ഷം വോട്ടർമാരെ നീക്കം ചെയ്‌തു. ഇപ്പോൾ 12 സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കാൻ പോകുന്നു. ധാരാളം ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായാണ് പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെടുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എസ്‌ഐആർ സിഎഎ (പൗരത്വ ഭേദഗതി നിയമം) ആണെന്ന് കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ പറഞ്ഞു. "എസ്ഐആര്‍ മുമ്പും നടപ്പിലാക്കിയിയിട്ടുണ്ട്. അക്കാലത്ത്, എസ്‌ഐആർ 2-4 മാസത്തെ പ്രക്രിയ ആയിരുന്നു. ഓരോ പൗരൻ്റെയും വോട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു പ്രക്രിയയായിരുന്നു അത്. വോട്ടർമാർ ഒരു ഫോമും പൂരിപ്പിച്ചില്ല. ബിഎൽഒ വന്ന് ചോദിക്കും, ഞങ്ങൾ അവർക്ക് വിവരങ്ങൾ നൽകും.ഞങ്ങളുടെ വോട്ട് ചേർക്കും. ഫോമുകൾ പൂരിപ്പിച്ച് ഞങ്ങളുടെ ഇന്ത്യൻ പൗരത്വത്തിൻ്റെ തെളിവ് നൽകാൻ ഈ എസ്‌ഐആർ ഞങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ സിഎഎ നടപ്പിലാക്കി. അത് അന്വേഷിക്കുക. ഇത് എസ്‌ഐആർ അല്ല, ഇത് സിഎഎ ആണ്. ഞങ്ങൾ അതിനെ എതിർക്കുന്നു" ദിഗ്‌വിജയ കൂട്ടിച്ചേർത്തു.
വിമര്‍ശിച്ച് ബിജെപി
സഭയ്ക്കുള്ളിൽ അരങ്ങേറിയ തുടർച്ചയായ പ്രതിഷേധത്തെ ബിജെപി എംപി അപരാജിത സാരംഗി പരിഹസിച്ചു. അടിസ്ഥാനരഹിതമായ വിഷയങ്ങളിൽ ഇന്ത്യ സഖ്യം ബഹളം സൃഷ്‌ടിക്കുന്നത് തുടർന്നാൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ സമാനമായ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവർ നേരിടേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.