സിസ തോമസിനും സജി ഗോപിനാഥിനും വിസി നിയമനം : സർക്കാർ- ഗവർണർ പോരിന് താൽക്കാലിക അന്ത്യം

തിരുവനന്തപുരം: വളരെകാലമായി തർക്കത്തിലും അനിശ്‌ചിതത്വത്തിലുമായിരുന്ന സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലേയ്ക്കുള്ള വൈസ് ചാൻസിലർ നിയമനത്തിൽ ഇരു കൂട്ടരും സമവായത്തിലായതോടെ സർക്കാർ- ഗവർണർ പോരിന് താത്കാലിക വിരാമം!
വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും പരസ്‌പര ഇംഗിതങ്ങൾക്ക് വഴങ്ങിയതോടെയാണ് തർക്കം സമവായത്തിലെത്തിയത്. കെടിയുവിൽ ഡോ സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ സജി ഗോപിനാഥിനെയുമാണ് സമവായത്തിലൂടെ വിസിമാരായി നിയമിച്ച് ഉത്തരവിറക്കിയത്. ഡിസംബർ 14 ന് ലോക്‌ഭവനിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.നിലവിൽ ഡിജിറ്റൽ സർവകലാശാലയിലെ താത്കാലിക വിസിയായ ഡോ സിസ തോമസിനെ കെടിയുവിലെ വിസിയായി നിയമിക്കണമെന്ന ഗവർണറുടെ നിർദേശത്തിന് സംസ്ഥാന സർക്കാർ പച്ചക്കൊടി നീട്ടിയതോടെയാണ് നാളുകൾ നീണ്ട പോരിന് തിരശീല വീണത്.സിസ തോമസിനെ കെടിയുവിൽ നിയമിക്കാൻ മുഖ്യമന്ത്രി സമ്മതം അറിയിച്ചതോടെ ഡിജിറ്റൽ സാങ്കേതിക സർവകലാശാലയിൽ സർക്കാർ നിർദേശിച്ച ഡോ സജി ഗോപിനാഥനെ നിയമിക്കാൻ ഗവർണറും തയാറാവുകയായിരുന്നു. പ്രഖ്യാപിച്ച രണ്ട് നിയമങ്ങളുടെയും കാലാവധി നാല് വർഷമാണ്.
സർക്കാരും ഗവർണറും സമവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുൻപ് പ്രസ്‌താവിച്ചിരുന്നു. തുടർന്നാണ് ഇരു കക്ഷികളും തീരുമാനത്തിലെത്തിയത്. സർക്കാർ ശിപാർശ തള്ളി ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് ഡോ സിസ തോമസിനെ കെടിയുവിൻ്റെ താത്കാലിക വിസിയായി നിയമിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിൻ്റ് ഡയറക്‌ടറായിരുന്ന സിസ തോമസ് സർക്കാർ അനുമതിയില്ലാതെയാണ് വിസിയായി നിയമിതയായത്.
എന്നാൽ പെൻഷൻ ഉൾപ്പെടെയുള്ള അവകാശങ്ങൾ വാങ്ങിയെടുത്ത തുറന്ന പോരാട്ടത്തിന് 2025 ഓഗസ്റ്റിലാണ് ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതികസർവകലാശാലയിലും താത്കാലിക വിസിമാരായി ഡോ സിസാ തോമസിനെയും ഡോ കെ ശിവപ്രസാദിനെയും ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ പുനർനിയമിക്കുന്നത്. എന്നാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിദ്യാർഥി സംഘടനകളായ എസ്‌എഫ്ഐ, എഐവൈഎഫ്, യുവജനസംഘടന ഡിവൈഎഫ്ഐ എന്നിവർ നടപടിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.തുടർന്ന് സർക്കാർ-ഗവർണർ വാക് തർക്കം തുറന്നയിടത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. തർക്കം പരിഹരിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയയുടെ അധ്യക്ഷതയിൽ സെർച്ച് കമ്മിറ്റിയെ കോടതി നിയോഗിച്ചിരുന്നു. എന്നാൽ പട്ടിക സമർപ്പിക്കാനിരിക്കെയാണ് ഇരുകൂട്ടരും സമവായത്തിലെത്തുന്നത്.