അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മുളക് പൊടിയെറിഞ്ഞ് സഹോദരിമാർ തല്ലിക്കൊന്നു

ഹൈദരാബാദ്: അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് സഹോദരിമാർ. കുഴഞ്ഞ് വീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. തുർക്കൽമദ്ദികുന്ത ഗ്രാമനിവാസിയായ ബുറ മഹേന്ദർ (32) ആണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ തുർക്കൽമദ്ദികുന്ത ഗ്രാമത്തിലാണ് സംഭവം.സോഹോദരിമാരിൽ ഒരാളുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. അതേസമയം തന്നെ ഇയാള്‍ മൂത്ത സഹോദരിയുമായും സൗഹൃദം സ്ഥാപിച്ചു. ഇതറിഞ്ഞ രണ്ടാമത്തെ സഹോദരി പ്രണയം നിരസിച്ചതിൽ പ്രകോപിതനായ ഇയാള്‍ ഇരുവരെയും നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
മെഡിക്കൽ റെപ്രസൻ്റേറ്റീവ് ആയിരുന്ന ബുറ സോഫ്റ്റെവെയർ കമ്പനിയിൽ ജോലി ചെയ്‌ത് വരികയായിരുന്ന യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. അതേസമയം തന്നെ യുവതിയുടെ വിവാഹം കഴിഞ്ഞ മൂത്ത സഹോദരിയുമായും മഹേന്ദറിന് അടുപ്പമുണ്ടായിരുന്നു. ഇരുവർക്കും ഇക്കാര്യം പരസ്‌പരം അറിയുമായിരുന്നില്ല.
സഹോദരിമാർ പരസ്‌പരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയും യുവാവിനോട് അകലം പാലിക്കുകയും ചെയ്‌തപ്പോൾ ഇരുവരോടും ഇയാൾക്ക് വൈരാഗ്യം തോന്നുകയും . നിരന്തരം നഗ്‌നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു .ഇയാളെ സഹോദരിമാർ ചേർന്ന് വീട്ടിലേക്ക് ചർച്ചയ്‌ക്കായി ക്ഷണിക്കുകയും സംസാരത്തിനിടെ കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ സഹോദരിമാർ മഹേന്ദറിൻ്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു . മർദനത്തിനിടെ ഇയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. കൃത്യം നടക്കുന്ന സമയത്ത് വീട്ടിൽ മൂത്ത സഹോദരിയുടെ മകനും ഒരു ബന്ധുവും ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ''അടുത്തിടെ ഇളയ സഹോദരിക്ക് വിവാഹാലോചന വന്നിരുന്നു. ഇതിൽ മഹേന്ദറിന് അതൃപ്‌തി ഉണ്ടായിരുന്നു. തുടർന്ന് പലപ്പോഴും മഹേന്ദർ യുവതിയെ ഫോണിലുള്ള അശ്ലീല ചിത്രങ്ങൾ കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്യുകയും വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിൽ പ്രകോപിതരായ സഹോദരിമാർ മഹേന്ദറിനെ മർദിച്ച് കൊല്ലുകയായിരുന്നു'' - ജഗ്‌തിയാൽ റൂറൽ പൊലീസ് പറഞ്ഞു.
വീടിന് മുന്നിൽ കുഴഞ്ഞ് വീണത് കണ്ട് തടിച്ചുകൂടിയ നാട്ടുകാർ ഉടനെതന്നെ മഹേന്ദറിനെ ആംബുലൻസിൽ കയറ്റി ജഗ്‌തിയാൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മഹേന്ദർ മരിക്കുന്നത്.
മരിച്ചയാളുടെ കുടുംബത്തിൻ്റെ പരാതിയിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണെന്നും സിഐ സുധാകർ പറഞ്ഞു. ജഗ്‌തിയാൽ ഡിവൈഎസ്‌പി രഘു ചന്ദറാണ് കേസിൻ്റെ മേൽനോട്ടം വഹിക്കുന്നത്.