സ്വർണ്ണക്കൊള്ള : ശബരിമല സന്നിധാനത്ത് എസ്ഐടി പരിശോധന തുടരുന്നു

സ്വർണ്ണക്കൊള്ള : ശബരിമല സന്നിധാനത്ത്  എസ്ഐടി പരിശോധന തുടരുന്നു

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ ശബരിമല സന്നിധാനത്ത് ഇന്നും നാളെയും എസ്‌ഐടിയുടെ പരിശോധന തുടരും. സന്നിധാനത്ത് കഴിഞ്ഞ ദിവസം എത്തിയ എസ്‌ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ പാളിയിലും സ്‌ട്രോങ്ങ് റൂമിലുമടക്കം പരിശോധന നടത്തിയിരുന്നു . ഇന്നലെ ഉച്ചയോടുകൂടിയാണ് എസ്‌ഐടി സംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് സന്നിധാനത്തെ പരിശോധന. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം എസ്‌ഐടി വിവരങ്ങൾ ശേഖരിക്കും.

അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ എൻഫോഴ്‌സ്മെൻ്റ് ഡയറേക്‌ടറേറ്റ് ഇന്നലെറെയ്‌ഡ് നടത്തിയിരുന്നു. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്‌ഡ് നടത്തിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാർ, ഉന്നത ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ യൂണിറ്റുകളിൽ നിന്നുള്ള നൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് സൂചന. ജയിലിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. മുൻ പ്രസിഡൻ്റുമാരെ കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തും. അതേസമയം തന്ത്രി കണ്‌ഠര് രാജീവരരുടെ വീട്ടിൽ ഈ ഘട്ടത്തിൽ പരിശോധന നടത്തുന്നില്ലെന്ന് ഇഡി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മോഷ്‌ടിച്ച കേസിൽ പോറ്റിക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്‌ണൻ പോറ്റി. 2025 ഒക്‌ടോബർ 17നാണ് പോറ്റി അറസ്‌റ്റിലാവുന്നത്.അറസ്‌റ്റ് ചെയ്‌ത് 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ലെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം വക്കീൽ വാദിച്ചതിനെ തുടർന്നാണ് പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്‌ടിച്ച കേസിൽ മുഖ്യ പ്രതിയായതിനാൽ പോറ്റിക്ക് ജയിൽ മോചിതനാകാൻ കഴിയില്ല.തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാർ, മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ മുരാരി ബാബു. സ്വർണ വ്യാപാരി ഗോവർധൻ എന്നവരുടെ ജാമ്യ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും.