ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന പുരോഗമിക്കുന്നു. താന്ത്രിക വിധികൾ പാലിക്കാതെയും ദേവന്‍റെ അനുജ്ഞ വാങ്ങാതെയും ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് പാളികൾ കൈമാറിയതെന്ന അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് എസ്ഐടി വീട്ടിൽ പരിശോധയ്‌ക്കെത്തിയത്.

കണ്‌ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിലാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പരിശോധന നടത്തുന്നത്. വൻ പോലീസ് സന്നാഹത്തിൻ്റെ അകമ്പടിയോടെയാണ് സംഘമെത്തിയത്. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെയാണ് അന്വേഷണം കടുപ്പിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക് ആരംഭിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്. റിമാൻഡിലായ തന്ത്രി നിലവിൽ ദേഹാസ്വസ്യത്തെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.അതേസമയം ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാ​ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ദേവസ്വം ബോർഡ് പാളികൾ കൈമാറിയ സമയത്ത് ക്ഷേത്രത്തിലെ പരമാധികാരിയായ തന്ത്രി അത് തടയാൻ തയ്യാറായില്ലെന്നും പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ആചാരലംഘനത്തിന് എതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കട്ടിളപ്പാളി കടത്താൻ അദ്ദേഹം ഒത്താശ ചെയ്‌തെന്ന് കോടതി നിരീക്ഷിച്ചതോടെയാണ് തന്ത്രി റിമാൻഡിലായത്.തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 13-ന് കോടതി വീണ്ടും പരിഗണിക്കും. ശബരിമലയിലെ താന്ത്രിക അവകാശവും ആചാരമര്യാദകളും ലംഘിക്കപ്പെട്ട ഈ സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.