ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി നീക്കം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം രംഗത്തെത്തി. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി നീക്കം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ ചോദ്യം ചെയ്യൽ.മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ യുഡിഎഫ് കൺവീനറെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വിഷയം യുഡിഎഫിനും വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് അടൂർ പ്രകാശ് ആണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
നിലവിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനായുള്ള ഔദ്യോഗിക നോട്ടിസ് നൽകിയിട്ടില്ല. കേസ് അന്വേഷണം രാഷ്ട്രീയ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന കോടതിയുടെ വിമർശനത്തിന് പിന്നാലെ പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് യുഡിഎഫ് കൺവീനർക്കെതിരെ അന്വേഷണം നീളുന്നത് എന്നത് ശ്രദ്ധേയമാണ്. താൻ ആറ്റിങ്ങൽ എംപി ആയിരുന്ന സമയത്ത് ഒരു അന്നദാന ചടങ്ങിൻ്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ സമീപിച്ചതെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പിന്നീട് സോണിയ ഗാന്ധിയെ കാണാൻ പോകുകയാണെന്ന് പറഞ്ഞ് പോറ്റി വീണ്ടും വന്നെങ്കിലും താൻ കൂടെ പോയില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി മോഷ്ടാവാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹവുമായി സഹകരിക്കില്ലായിരുന്നു എന്നും അടൂർ പ്രകാശ് കൂട്ടിചേർത്തു. കേരളത്തിൽനിന്നുള്ള ഏത് കോൺഗ്രസ് നേതാവാണ് സോണിയ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി വാങ്ങിനൽകിയത് എന്നതടക്കമുള്ള വിവരങ്ങൾ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരിക്കും അടൂർ പ്രകാശിനെ ചോദ്യം ചെയ്യുക.
നേരത്തെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം പൂർണമായും നിഷേധിച്ചിരുന്നു. തൻ്റെ ഓഫിസുമായി പോറ്റി ബന്ധപ്പെട്ടിട്ടില്ലെന്നും ബംഗളൂരുവിൽ നടന്ന ഒരു മലയാളി സമാജം പരിപാടിയിൽവച്ചാണ് കണ്ടതെന്നുമാണ് അദ്ദേഹം മൊഴി നൽകിയത്. പത്മകുമാറിൻ്റെ മൊഴിയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.