സ്വർണക്കൊള്ള : കടകംപള്ളിയെ ചോദ്യം ചെയ്‌ത് എസ്‌ഐടി; അങ്കലാപ്പില്‍ സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷം ആക്ഷേപിക്കും പോലെ ജയിലിലേക്ക് സിപിഎം നേതാക്കളുടെ ഘോഷയാത്ര തുടരുമോ? മുന്‍ ദേവസ്വം മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടി ചോദ്യം ചെയ്തതോടെ സിപിഎം നേതൃത്വത്തെ കുഴയ്ക്കുന്ന ചോദ്യമായി ഇതു മാറുകയാണ്.
സ്വര്‍ണക്കൊള്ളയില്‍ പത്താം നമ്പര്‍ അറസ്റ്റും സിപിഎമ്മിനെ കുഴയ്ക്കുന്നതായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാ നേതാവുമായിരുന്ന എന്‍ വിജയകുമാറിൻ്റെ അറസ്‌റ്റോടെ സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലിലാകുന്നവരുടെ എണ്ണം പത്തായി. ഇനി പതിനൊന്നാമനാരെന്നതാണ് സിപിഎമ്മിൻ്റെ ചങ്കിടിപ്പേറ്റുന്നത്. വിളിച്ചാല്‍ വീണ്ടും വരണമെന്നോര്‍മിപ്പിച്ചാണ് കടകംപള്ളിയെ അന്വേഷണ സംഘം വിട്ടതെന്നതാകട്ടെ എവിടെയോ അപകടം പതിയിരിക്കുന്നു എന്നതിൻ്റെ സൂചനയായും സിപിഎം കാണുന്നു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ക്കാരിനാകട്ടെ ഒരിടപെടലും നടത്താനാകാത്ത വിഷമ വൃത്തതിലും. ഏതായാലും പ്രതിപക്ഷം ആരോപിക്കുന്ന ഒരു കാര്യം വളരെ വ്യക്തം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണത്തില്‍ ഒരു മെല്ലെപ്പോക്കുണ്ടായി എന്നതു വ്യക്തമാണ്. അതാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തിരക്കിട്ട അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും എസ്‌ഐടി സംഘം നീങ്ങുന്നത്. കടകംപള്ളിയെ ഇക്കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്തതിലൂടെ പുറത്തു വരുന്നതും അതു തന്നെ.
ഏതായാലും തെരഞ്ഞെടുപ്പു കഴിഞ്ഞ് കനത്ത തിരച്ചടി തുടരുന്നതിനിടെ മറ്റൊരു വന്‍ പ്രഹരമായി കടകംപള്ളി മാറിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് സിപിഎമ്മിനുണ്ടാക്കാന്‍ പോകുന്ന ആഘാതം ചെറുതായിരിക്കില്ല. ജനങ്ങള്‍ നല്‍കിയ ആഘാതത്തിനിടയിലും അറസ്റ്റിലായവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. പത്രങ്ങളില്‍ സിപിഎമ്മിനെതിരെ തലക്കെട്ടു വരാതിരിക്കാനാണ് നടപടിയെടുക്കാത്തതെന്ന വിശദീകരണം സിപിഎമ്മിനെ കൂടുതല്‍ പരിഹാസ്യമാക്കിയിരിക്കുകയാണ്. അതിനിടെ കടകംപള്ളിയെ ചോദ്യം ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നത് പ്രതിപക്ഷ ക്യാമ്പിനെ കൂടുതല്‍ ആവേശ ഭരതിമാക്കിയിട്ടുണ്ട്.